ആർബിഐ ശ്രമം നാടിന്റെ നട്ടെല്ല്‌ തകർക്കാൻ; ചരടുവലിക്കുന്നത്‌‌ ബിജെപി



തിരുവനന്തപുരം > റിസർവ്‌ ബാങ്ക്‌ നീക്കം കേരളത്തിന്റെ ഗ്രാമീണ ജനതയെ കൈപിടിച്ചുയർത്തുന്ന സഹകരണ സംഘങ്ങളെ തകർക്കൽ.  പൊതുമേഖലാ, വാണിജ്യ ബാങ്കുകൾ കൈയൊഴിഞ്ഞ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ല്‌ സഹകരണ ബാങ്കുകളാണ്‌.  ബിജെപിയുടെ രാഷ്‌ട്രീയ ലക്ഷ്യത്തിനൊപ്പം കുത്തക സ്വകാര്യ ബാങ്കുകൾക്ക്‌ നിലമൊരുക്കുകയുമാണ്‌. ബാങ്ക്‌ ലയനവും സ്വകാര്യവൽക്കരണവും ബാങ്കിങ്‌ സേവനം അന്യമാക്കിയ ഗ്രാമങ്ങളിൽ കേരള ബാങ്കിനെ മുന്നിൽനിർത്തിയാണ്‌ സംസ്ഥാനത്തിന്റെ ബദൽ. ഇതില്ലാതാക്കി സ്വകാര്യ കുത്തക ബാങ്കുകളുടെ കൊള്ളയ്‌ക്ക്‌ ഗ്രാമീണരെ എറിഞ്ഞുകൊടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ ആയുധമാകുകയാണ്‌ റിസർവ്‌ ബാങ്ക്‌.   12 പൊതുമേഖലാ വാണിജ്യബാങ്ക്‌, കേരള ഗ്രാമീൺ ബാങ്ക്‌, 20 സ്വകാര്യ വാണിജ്യബാങ്ക്‌, രണ്ട്‌ സ്‌മോൾ ബിസിനസ്‌ ബാങ്ക്‌ എന്നിവയ്‌ക്ക്‌ കേരളത്തിൽ‌ 6565 ശാഖയുണ്ട്‌. ഇവയിൽ ഗ്രാമീണ ശാഖകൾ‌ 426 മാത്രം. ഇവിടേക്ക്‌ കടന്നുകയറാൻ സ്വകാര്യ ബാങ്കുകൾക്കും ബാങ്കിങ്‌ ഇതര പണമിടപാട്‌ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾ തടസ്സമാണ്‌. കേരളത്തിൽ 3676 വായ്‌പാ സഹകരണ സംഘമുണ്ട്‌. കേരള ബാങ്ക്‌, 51 അർബൻ ബാങ്ക്‌, ഒരു എംപ്ലോയീസ്‌ സഹകരണ സംഘം, മലപ്പുറം ജില്ലാ ബാങ്ക്‌ എന്നിവയ്‌ക്കാണ്‌ ആർബിഐ ലൈസൻസുള്ളത്‌. പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളുടെ (സർവീസ്‌ കോഓപ്പറേറ്റീവ് ബാങ്കുകൾ) നിക്ഷേപം 70,000 കോടിയും, വായ്‌പാ നീക്കിയിരിപ്പ്‌ 50,000 കോടി രൂപയുമാണ്‌. കേരള ബാങ്കിന്‌ 769 ശാഖയുണ്ട്‌. മലപ്പുറം ജില്ലാ ബാങ്കിന്‌ 54 ശാഖയും. 1600ൽപ്പരം പ്രാഥമിക ബാങ്കും അവയുടെ ശാഖയും ചേരുമ്പോൾ അതിബൃഹത്തായ ബാങ്കിങ്‌ ശൃംഖലയാണ്‌ കേരള ബാങ്കിലൂടെ ഒരുങ്ങുന്നത്‌.‌ ‌ഒരുഭാഗത്ത്‌ കേരളത്തിന്റെ സമാന്തര സമ്പദ്‌വ്യവസ്ഥ തകർക്കുക, മറുഭാഗത്ത്‌ സ്വകാര്യ ബാങ്കിങ്‌ കുത്തകകൾക്ക്‌ അവസരമൊരുക്കുകയെന്ന ദ്വിമുഖ തന്ത്രമാണ്‌ കേന്ദ്രം പയറ്റുന്നത്‌. Read on deshabhimani.com

Related News