സഹകരണ ബാങ്കുകളിലെ ആദായനികുതി ; അവസാനിച്ചത്‌ 12 വർഷത്തെ നിയമയുദ്ധം



വ്യാഴവട്ടക്കാലം കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ മുൾമുനയിൽ നിർത്തിയ ആദായനികുതി വകുപ്പ്‌ ഇടപെടലിനാണ്‌ കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയോടെ അറുതിയായത്‌. സഹകരണ ബാങ്കുകളുടെ വരുമാനത്തിൽനിന്ന്‌ ആദായ നികുതി നൽകേണ്ടെന്നാണ്‌ സുപ്രധാന വിധി. പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങൾക്കൊപ്പം, റിസർവ്‌ ബാങ്ക്‌ അനുമതിയില്ലാത്ത മുഴുവൻ സഹകരണ സ്ഥാപനങ്ങൾക്കും ആശ്വാസമാണ്‌ വിധി. കേരള സഹകരണ നിയമപ്രകാരം രജിസ്‌റ്റർചെയ്‌ത എല്ലാ സംഘങ്ങളെയും സഹകരണ സംഘങ്ങളായി കണക്കാക്കണമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. റിസർവ്‌ ബാങ്ക്‌ അനുമതിയുള്ള സംഘങ്ങളെമാത്രമേ സഹകരണ ബാങ്കുകളായി കണക്കാക്കേണ്ടതുള്ളൂ. സംസ്ഥാനത്ത്‌ കേരള ബാങ്കും മലപ്പുറം ജില്ലാ ബാങ്കും ലൈസൻസുള്ള അർബൻ ബാങ്കുകളുമാണ്‌ ഈ ഗണത്തിലുള്ളത്‌. ഇവയ്‌ക്കു മാത്രമാണ്‌ ആദായനികുതി വകുപ്പിലെ 80 പി പ്രകാരം ഇളവിന്‌ അർഹതയില്ലാത്തത്‌. ‌ 2007ൽ കേന്ദ്ര സർക്കാർ ധനകാര്യനിയമം ഭേദഗതി ചെയ്‌തതോടെയാണ്‌ സഹകരണ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ ഇടപെടൽ വന്നത്‌. ഇതിനെതിരെ ഇൻകം ടാക്‌സ്‌ കമീഷണർക്ക്‌ നൽകിയ അപ്പീലുകൾ തള്ളി. ട്രിബ്യൂണലിനെ സമീപിച്ചിട്ടും രക്ഷയുണ്ടായില്ല. തുടർന്നാണ്‌ സംഘങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്‌. പെരിന്തൽമണ്ണ സർവീസ്‌ സഹകരണ ബാങ്കും ചിറക്കൽ, മാവിലായി സർവീസ്‌ ബാങ്കുകളും നൽകിയ വ്യത്യസ്‌ത ഹർജികളിൽ ഹൈക്കോടതിയുടെ രണ്ട്‌ ഡിവിഷൻ ബെഞ്ചുകളിൽനിന്ന്‌ വ്യത്യസ്‌ത വിധികളുണ്ടായി. ഇതേ തുടർന്ന്‌‌  13 സംഘങ്ങൾ ഹൈക്കോടതി ഫുൾബെഞ്ച്‌ മുമ്പാകെ അപ്പീൽ നൽകി. ഓരോ വർഷത്തെയും ബിസിനസ്‌ പരിശോധിച്ച്‌ പ്രാഥമിക കാർഷിക വായ്‌പാസംഘമാണോയെന്നും ഇളവ്‌ നൽകണോയെന്നും ആദായനികുതി വകുപ്പിന്‌ തീരുമാനിക്കാമെന്നായിരുന്നു ‌2019 മാർച്ച്‌ 19ലെ ഫുൾബെഞ്ച്‌ വിധി. ഇതാണ്‌ സുപ്രീംകോടതി റദ്ദാക്കിയത്‌. Read on deshabhimani.com

Related News