കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ല്‌; മുൻ പഞ്ചായത്ത്‌ അംഗത്തിന്റെ കൈയൊടിഞ്ഞു



കാലടി> കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി യോഗത്തിലെ കൂട്ടത്തല്ലിൽ മുൻ പഞ്ചായത്ത്‌ അംഗത്തിന്റെ കൈയൊടിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ച നേതാക്കൾക്കെതിരെ ഐ ഗ്രൂപ്പ്‌ നടപടി ആവശ്യപ്പെട്ടതോടെയാണ്‌ കൈയാങ്കളി ഉണ്ടായത്‌.  കെപിസിസി നിരീക്ഷകൻ തോപ്പിൽ ഗോപകുമാറിന്റെയും ജില്ലാ, ബ്ലോക്ക് ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു കൂട്ടയടി. മൂന്നാം വാർഡ്‌ മുൻ അംഗം ബിജു കൈത്തോട്ടുങ്ങലാണ്‌ കൈയൊടിഞ്ഞ്‌ ചികിത്സയിലുള്ളത്‌. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച ഡിസിസി ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ജോണി കൂട്ടാല, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ഐ ഗ്രൂപ്പ് യോഗത്തിൽ ആവശ്യപ്പെട്ടു. വിമതരായി മത്സരിച്ച് ജയിച്ച  വി എം ഷംസുദ്ദീൻ, കെ ഡി ഡേവീസ് കൂട്ടുങ്ങൽ എന്നിവരെ യോഗത്തിൽ  പങ്കെടുപ്പിച്ചതും തർക്കത്തിനിടയാക്കി.  ലിന്റോ, നെൽസൺ പുളിക്ക, വിപിൻദാസ്, കെ എ ജോണി എന്നിവരാണ്‌ അക്രമം അഴിച്ചുവിട്ടതെന്ന്‌ എതിർവിഭാഗം ആരോപിച്ചു. ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പിൽ മുന്നിൽനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിലുള്ള അമർഷവും ഐ ഗ്രൂപ്പ്‌ യോഗത്തിൽ പരസ്യമാക്കി. Read on deshabhimani.com

Related News