പ്രതിഷേധത്തിന്റെ 
മറവിൽ വ്യാപക അക്രമം ; സിപിഐ എമ്മിന്റെ കൊടിയും ബോർഡും വ്യാപകമായി തകർത്തു

എം പി ഓഫീസിൽ മാർച്ച് കഴിഞ്ഞു മടങ്ങുന്ന പെണ്കുട്ടികളുൾപ്പെടെയുള്ള വിദ്യാർത്ഥികളെ മർദിക്കുന്ന 
കോൺഗ്രസ്പ്രവർത്തകർ


തിരുവനന്തപുരം രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അനിഷ്‌ടസംഭവങ്ങളുടെ മറവിൽ കോൺഗ്രസ്‌–-യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കേരളമാകെ അക്രമം അഴിച്ചുവിട്ടു.  സിപിഐ എമ്മിന്റെ കൊടിയും ബോർഡും വ്യാപകമായി തകർത്തു. പാർടിയും സർക്കാരും സംഭവത്തെ അപലപിച്ചിട്ടും അക്രമത്തിനുള്ള അവസരമായാണ്‌ പ്രതിപക്ഷം സംഭവത്തെ കണ്ടത്‌. മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാക്കളും സംഭവത്തെ അപലപിച്ച ശേഷമാണ്‌ തലസ്ഥാന നഗരിയിലും മറ്റ്‌ ജില്ലകളിലും പ്രതിപക്ഷ നേതാക്കൾ തെരുവിലിറങ്ങിയത്‌. തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിലേക്ക്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ച മാർച്ച്‌ പൊടുന്നനെ  എ കെ ജി സെന്ററിലേക്ക്‌ മാറ്റി. പാളയത്ത്‌ പൊലീസ്‌ തടഞ്ഞു. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വീണ എസ്‌ നായരുടെ നേതൃത്വത്തിൽ വനിതാ പ്രവർത്തകർ എ കെ ജി സെന്ററിൽ കടന്നുകയറാൻ ശ്രമിച്ചെങ്കിലും ഇവരെ അറസ്റ്റുചെയ്‌ത്‌ നീക്കി.  വിവിധ ജില്ലകളിൽ  തെരുവുകളിൽ അക്രമം അഴിച്ചുവിട്ട പ്രവർത്തകരെ  പിന്തിരിപ്പിക്കാൻ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ തയ്യാറായില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ പ്രതിഷേധിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന സുധാകരൻ അടക്കമുള്ളവരുടെ പ്രസ്താവന  കൂടുതൽ അക്രമത്തിലേക്ക്‌ തിരിയാൻ പ്രവർത്തകർക്ക്‌  പ്രചോദനമായി. കോട്ടയം നഗരത്തിലും യൂത്ത്‌ കോൺഗ്രസ്‌ നടത്തിയ പ്രകടനത്തിൽ അക്രമമുണ്ടായി. റോഡ്‌ ഉപരോധിച്ച പ്രവർത്തകർ ആംബുലൻസ്‌ അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. റോഡിൽ ടയർ കത്തിച്ചിട്ട്‌ ഗതാഗതം മുടക്കി.  അതുവഴി കടന്നുപോയ എൽഡിവൈഎഫ്‌ മാർച്ചിനു നേരേ  കല്ലെറിഞ്ഞു. പൊലീസിനെയും സിപിഐ എമ്മിന്റെ ഓഫീസുകളും ആക്രമിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, കോൺഗ്രസ്‌ രാഷ്‌ട്രീയകാര്യ സമിതിയംഗം കെ സി ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വയനാട്ടിൽ  മാർച്ചിൽ പങ്കെടുത്ത്‌ പിരിഞ്ഞുപോകുന്ന വിദ്യാർഥികളെ  പിന്തുടർന്ന്‌ മർദ്ദിക്കാൻ ശ്രമിച്ചു.  പൊലീസ്‌ വലയം ഭേദിച്ച്‌  എസ്‌പി ഓഫീസിലേക്ക്‌ കടക്കാൻ ശ്രമിച്ച   യുഡിഎഫ്‌ പ്രവർത്തകരുടെ ആക്രമണത്തിൽ   പൊലീസുകാർക്ക്‌ പരിക്കേറ്റു.  ഹെൽമറ്റ്‌ ഊരി എറിഞ്ഞു. ലാത്തിപിടിച്ചുവാങ്ങി ഒടിച്ചു. ഷീൽഡുകൾ തകർത്തു.  ടി സിദ്ദിഖ്‌ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമണം. Read on deshabhimani.com

Related News