വെല്ലുവിളിച്ച്‌ കോൺഗ്രസ്‌ ഗ്രൂപ്പ്‌ യോഗം; സിദ്ദിഖ്‌ അനുകൂലികൾ മാധ്യമപ്രവർത്തകരെ മർദിച്ചു



കോഴിക്കോട്‌ > ഗ്രൂപ്പ്‌ യോഗം പാടില്ലെന്ന കെ സുധാകരന്റെ ശാസനയെ വെല്ലുവിളിച്ച്‌ എ ഗ്രൂപ്പിലെ ടി സിദ്ദിഖ്‌ അനുകൂലികൾ കോഴിക്കോട്‌ ചേർന്ന യോഗം റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക്‌ മർദനം. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്ക്‌ പരിക്കേറ്റു. സാജന്റെ സ്വർണമാലയും പൊട്ടിച്ചു. കൈരളി ടിവിയിലെ മേഘാമാധവൻ, ഏഷ്യാനെറ്റ്‌ ന്യൂസിലെ സി ആർ രാജേഷ്‌, മനോരമ ന്യൂസിലെ ദീപ്‌തീഷ്‌ എന്നിവരെ കോൺഗ്രസുകാർ തടഞ്ഞ്‌ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു; ഭീഷണിപ്പെടുത്തി. ശനി പകൽ പതിനൊന്നോടെയാണ്‌ സംഭവം. കല്ലായി റോഡിലെ ഹോട്ടലിലായിരുന്നു കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖ്‌ എംഎൽഎ രഹസ്യയോഗം വിളിച്ചത്‌. എ ഗ്രൂപ്പിലെ പ്രമുഖൻ കെ സി അബുവടക്കമുള്ളവരെ ഒഴിവാക്കിയായിരുന്നു ഇത്‌. ഡിസിസി മുൻ പ്രസിഡന്റ്‌ യു രാജീവന്റെ നേതൃത്വത്തിൽ നെഹ്‌റുവേദി എന്ന പേരിലായിരുന്നു ഗ്രൂപ്പ്‌ യോഗം. നിയമസഭാതെരഞ്ഞെടുപ്പിന്‌ ശേഷം കെ സി വേണുഗോപാൽ–-കെ സുധാകരൻ പക്ഷത്തേക്ക്‌ സിദ്ദിഖ്‌ കൂറുമാറിയതിനാൽ ജില്ലയിൽ എ ഗ്രൂപ്പിൽ വിള്ളൽവീണിരുന്നു. ഉമ്മൻചാണ്ടി വിഭാഗം സിദ്ദിഖിനെ എ ഗ്രൂപ്പിൽ അടുപ്പിച്ചിരുന്നില്ല. തുടർന്നാണ്‌ സിദ്ദിഖ്‌ സ്വാധീനമുറപ്പിക്കാൻ രഹസ്യയോഗം വിളിച്ചത്‌. ഡിസിസി ഭാരവാഹികൾ, കൗൺസിലർമാർ എന്നിവരടക്കം പങ്കെടുത്തയോഗം ചേർന്ന ഹോട്ടലിന്‌ മുന്നിലെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞ്‌ കൈയേറ്റം ചെയ്യുകയായിരുന്നു. യു രാജീവനടക്കമുള്ള നേതാക്കൾ ഇത്‌ തടയാനും ശ്രമിച്ചില്ല. അക്രമത്തിൽ പ്രതിഷേധിച്ച്‌ മാധ്യമപ്രവർത്തകർ കോഴിക്കോട്‌ നഗരത്തിൽ പ്രകടനം നടത്തി. യു രാജീവൻ ഉൾപ്പെടെ 30 പേർക്കെതിരേ കസബ പൊലിസ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു. Read on deshabhimani.com

Related News