കൽപ്പറ്റയിലെ തമ്മിൽത്തല്ല്‌; പ്രതിരോധം ദുർബലമായി, നാണംകെട്ട്‌ കോൺഗ്രസ്‌



കൽപ്പറ്റ > രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച്‌ നടത്തിയ  പ്രകടനത്തിനിടെയുള്ള തമ്മിൽത്തല്ലിൽ നാണംകെട്ട്‌ കോൺഗ്രസ്‌. രാഹുലിനായി രാജ്യം ഒറ്റക്കെട്ടായി പ്രതിരോധം തീർത്തപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിൽ  നേതാക്കൾ തമ്മിലടിച്ചത്‌ പരിഹാസ്യവും രാഹുലിനെ അവഹേളിക്കലുമായി.   ‘തല്ല്‌’  തമസ്‌കരിക്കാൻ ചില മാധ്യമപ്രവർത്തകർ ശ്രമം നടത്തിയെങ്കിലും പ്രധാന പത്രങ്ങളിലും ചാനലുകളിലും വാർത്തയായി. സംഘർഷത്തിന്റെ ചിത്രങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിലും വൈറലായി.  കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖ്‌ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളി വൈകിട്ട്‌ കൽപ്പറ്റയിൽ നടത്തിയ പ്രകടനത്തിനിടെയായിരുന്നു തമ്മിൽത്തല്ല്‌. സിദ്ദിഖിന്റെ ഓഫീസ്‌ സെക്രട്ടറിയും യൂത്ത്‌ കോൺഗ്രസ്‌ വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറിയുമായ സാലി റാട്ടക്കൊല്ലിയുടെയും കെപിസിസി അംഗം പി പി ആലിയുടെയും നേതൃത്വത്തിലുള്ള സംഘമാണ്‌ ഏറ്റുമുട്ടിയത്‌.   ശനിയാഴ്‌ച കോൺഗ്രസ്‌ കൽപ്പറ്റയിൽ നടത്തിയ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ മാർച്ചിലും ഇതിന്റെ അലയൊലികളുണ്ടായി. ആളുകളുടെ പങ്കാളിത്തം നന്നേ കുറഞ്ഞു. എങ്ങനെ സമരം നടത്തണമെന്നതിലും ആശയക്കുഴപ്പമുണ്ടായി.  പൊലീസ്‌ ബാരിക്കേഡ്‌ മറികടന്ന്‌ ഒരുവിഭാഗം ഓഫീസ്‌ കോമ്പൗണ്ടിനുള്ളിൽ അതിക്രമത്തിന്‌ മുതിർന്നു. കുറച്ചുപേർ ദേശീയപാത ഉപരോധിച്ചു.  റോഡിലിരിക്കാൻ പലരും തയ്യാറായില്ല. റോഡ്‌ ഉപരോധിച്ചവരെ പിന്നീട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി.   വെള്ളിയാഴ്‌ചത്തെ സംഘർഷം വലിയ നാണക്കേടായതായി മുതിർന്ന നേതാവ്‌ പറഞ്ഞു. കെപിസിസിയോട്‌ നടപടി ഉൾപ്പെടെ ആവശ്യപ്പെടും.  രാഹുലിനെതിരെയുള്ള നടപടിയിൽ സിപിഐ എം ഉൾപ്പെടെ  ശക്തമായി പ്രതികരിച്ചപ്പോൾ  കോൺഗ്രസ്‌ നടുറോഡിൽ തമ്മിലടിച്ചത്‌ പ്രതിരോധം ദുർബലമാക്കിയെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News