കേന്ദ്ര ഞെരുക്കലിന്‌ കോൺഗ്രസ്‌ പിന്തുണ



തിരുവനന്തപുരം> സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയെന്ന ലക്ഷ്യത്തോടെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ശബ്ദിക്കാതെ കോൺഗ്രസ്‌ നേതാക്കൾ. കേരളത്തിന്‌ അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കും വികസനപദ്ധതികൾക്കും വിലക്ക്‌ ഏർപ്പെടുത്തിയ കേന്ദ്രം സംസ്ഥാനത്തെ എല്ലാ പ്രവർത്തനങ്ങളും മുടക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ വായ്പാ പരിധി കുറച്ചത്‌. എന്നാൽ, തങ്ങൾക്ക്‌ അത്‌ ബോധ്യപ്പെട്ടില്ലെന്ന്‌ പറഞ്ഞ്‌ കേന്ദ്രത്തെ പിന്തുണയ്ക്കുകയാണ്‌ കോൺഗ്രസ്‌. സംസ്ഥാനത്തിന്റെ ഏത് കടമെടുപ്പ് പരിധിയാണ് കുറച്ചതെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ചോദിച്ചത്‌. ആരും അങ്ങനെ പറഞ്ഞിട്ടില്ല, രേഖകളുമില്ല. അതുകൊണ്ട്‌ അഭിപ്രായമില്ലെന്നാണ്‌ നിലപാട്‌. ബിജെപി ചങ്ങാത്തം ഇഷ്ടപ്പെടുന്ന സതീശനും കെ സുധാകരനും ഈ നിലപാടിലാണെങ്കിലും  മുസ്ലിംലീഗ്‌ വ്യത്യസ്ത നിലപാടാണ്‌ സ്വീകരിച്ചത്‌. വായ്പാ പരിധി വെട്ടിക്കുറച്ചത്‌ കേരളത്തിന്റെ ഭാവിയെ ബാധിക്കുമെന്ന്‌ അവർ വ്യക്തമാക്കി.   സംസ്ഥാന വരുമാനത്തിന്റെ മൂന്നുശതമാനം പൊതുകടമെടുക്കാൻ കേരളത്തിന്‌ അവകാശമുണ്ട്. വൈദ്യുതി പരിഷ്കാരങ്ങളുടെ പേരിൽ 0.5 ശതമാനം അധികവായ്പയെടുക്കാനും ഈ വർഷം കഴിയും. അതാണ്‌ രണ്ട്‌ ശതമാനമാക്കിയത്‌. കോവിഡിനു മുമ്പ്‌ അഞ്ച്‌ ശതമാനമായിരുന്ന വായ്പാപരിധി കുറച്ചുകൊണ്ടുവന്ന്‌ കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌ തങ്ങൾക്കുമാത്രം ബോധ്യപ്പെടുന്നില്ലെന്ന്‌  പറയുന്നതുതന്നെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്‌.   കിഫ്ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ബജറ്റിനു പുറത്ത് എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി പരിധി കുറച്ചത്‌ കോൺഗ്രസിന്‌ ഇനിയും ബോധ്യപ്പെട്ടില്ല. തടസ്സം കൂടാതെ പെൻഷൻ വിതരണം ചെയ്യാൻ രൂപീകരിച്ച കമ്പനിയിൽനിന്ന്‌ വായ്പയെടുത്ത്‌ കൃത്യമായി തിരിച്ചടച്ചിട്ടും അത്‌ അനധികൃത വായ്പയാക്കിയ നടപടിയും ഇവർക്ക്‌ ബോധ്യപ്പെടുന്നില്ല. Read on deshabhimani.com

Related News