പുനഃസംഘടനയിൽ അടി: എ ഗ്രൂപ്പ്‌ നേതാക്കൾ ബംഗളൂരുവിലേക്ക്‌



തിരുവനന്തപുരം> കോൺഗ്രസ്‌ പുനഃസംഘടനയിൽ തഴയപ്പെട്ട എ ഗ്രൂപ്പ്‌ കടുത്ത നടപടിയിലേക്ക്‌. ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുമായി കൂടിയാലോചിച്ച്‌ തുടർനടപടി സ്വീകരിക്കാൻ മൂന്ന്‌ നേതാക്കൾ ബംഗളൂരുവിലേക്ക്‌ തിരിച്ചു. അതിനിടെ പുനഃസംഘടനയ്‌ക്കെതിരെ പരാതിയുമായി രമേശ്‌ ചെന്നിത്തലയും രംഗത്തുണ്ട്‌. പരാതി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന്‌ ചെന്നിത്തല പറഞ്ഞു. എ, ഐ ഗ്രൂപ്പുകളെ തഴഞ്ഞ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌  കെ സുധാകരനും അധികാര കേന്ദ്രങ്ങളായി മാറുന്നുവെന്ന പരാതി ചെന്നിത്തലയ്‌ക്കും ഉമ്മൻചാണ്ടി അനുയായികൾക്കുമുണ്ട്‌. കെഎസ്‌യു പുനഃസംഘടനയോടെ പലരും സതീശൻ പക്ഷത്തേക്ക്‌ ചാഞ്ഞതും ഇരുഗ്രൂപ്പുകളെയും ഞെട്ടിച്ചിട്ടുണ്ട്‌. എം എം ഹസ്സൻ, ബെന്നി ബെഹനാൻ, കെ സി ജോസഫ്‌ എന്നിവരാണ്‌ ഉമ്മൻചാണ്ടിയെ കാണുക. തുടർന്ന്‌ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട്‌ പരാതിപ്പെടാനും ആലോചനയുണ്ട്‌. അതേസമയം, യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയെച്ചൊല്ലി എ ഗ്രൂപ്പിൽ തർക്കം രൂക്ഷമാകുകയാണ്‌. രാഹുൽ മാങ്കൂട്ടത്തിലിനും ജെ എസ്‌ അഖിലിനും വേണ്ടിയാണ്‌ നേതാക്കൾ പക്ഷംതിരിഞ്ഞ്‌ പോരടിക്കുന്നത്‌. രാഹുലിനെ അധ്യക്ഷസ്ഥാനത്ത്‌ കൊണ്ടുവരാനാണ്‌ നിലവിലെ പ്രസിഡന്റ്‌ ഷാഫി പറമ്പിലിന്‌ താൽപ്പര്യം. കെഎസ്‌യു, എൻഎസ്‌യു പ്രസിഡന്റ്‌ സ്ഥാനങ്ങൾ നിഷേധിക്കപ്പെട്ട അഖിലിനെ ഭാരവാഹിയാക്കണമെന്നാണ്‌ ബെന്നി ബെഹനാനും കെ ബാബുവുമടക്കമുള്ള നേതാക്കളുടെ അഭിപ്രായം. യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാമനിർദേശ പത്രിക നൽകാനുള്ള അവസാനതീയതി 13 ആണ്‌. എ ഗ്രൂപ്പിൽ കലാപം തുടരുന്ന സാഹചര്യത്തിൽ അഖിലിനെയോ മാങ്കൂട്ടത്തിലിനെയൊ തങ്ങളുടെ ക്യാംപിലെത്തിക്കാനുള്ള നീക്കം സതീശനും നടത്തുന്നുണ്ട്‌. Read on deshabhimani.com

Related News