അടൂരിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജിവച്ചു; "നേതാക്കൾ നിറഞ്ഞു 
പ്രസ്ഥാനം ശോഷിച്ചു'



അടൂർ > കോൺഗ്രസ് ഏറത്ത് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജെ ശൈലേന്ദ്രനാഥ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. ബുധനാഴ്ച ചേർന്ന ബ്ലോക്ക് കമ്മിറ്റി യോഗത്തിനെത്തി രാജിക്കത്ത് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന് നൽകിയ ശേഷം യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.   കെപിസിസി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ, ജനറൽ സെക്രട്ടറി ഷുക്കൂർ, പന്തളം സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് രാജിക്കത്ത് നൽകിയത്. നേതാക്കളെക്കൊണ്ട് നിറഞ്ഞതും അണികളെക്കൊണ്ട് ശോഷിച്ചതുമായ പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്ന്  ശൈലേന്ദ്രനാഥ്‌ പ്രസ്താവനയിൽ പറഞ്ഞു.   കോൺഗ്രസിനെ സ്നേഹിച്ച് പ്രവർത്തിക്കുന്നവർക്ക് യാതൊരുവിധ സംരക്ഷണവും നൽകാൻ കഴിയാത്ത പ്രസ്ഥാനമായി ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽനിന്നും രാജിവെയ്ക്കുന്നതായി രാജിക്കത്തിൽ പറഞ്ഞു.   പരസ്പരം ഐക്യം ഇല്ലാത്തതും സംഘടനാ പ്രവർത്തനത്തിലെ ഏകോപനമില്ലായ്മയും ഗ്രൂപ്പ് തർക്കവും കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിച്ചെന്ന്‌ ശൈലേന്ദ്രനാഥ്‌ പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജാതിയും മതവും നോക്കി സ്ഥാനാർഥികളെ തീരുമാനിക്കുകയും സ്ഥാനാർഥികളായി മത്സരിച്ച സാധാരണപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും കൈയിൽ നിന്നും ഡിസിസി നേതൃത്വം പണം വാങ്ങുകയും ചെയ്‌തു. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥികളിൽ നിന്നും 5000 രൂപ വീതവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ നിന്നും 10,000 രൂപാ വീതവും വാങ്ങിയാണ് ചിഹ്നം അനുവദിച്ചത്.   കോടിയിലേറെ രൂപയാണ് ഇതിലൂടെ ഡിസിസി നേതൃത്വത്തിന്റെ കൈയിൽ എത്തിയത്. എന്നിട്ടും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വിജയത്തിന് ഒരു രൂപ പോലും ഡിസിസി നേതൃത്വം ചെലവഴിച്ചില്ല. കോൺഗ്രസ് സ്ഥാനാർഥികൾ പണം നൽകിയാണ് സ്ഥാനാർഥികൾക്കൊപ്പം വീട് കയറാൻ പോയത്.ഇതേ അവസ്ഥയുണ്ടായ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായിരുന്ന സുധാക്കുറുപ്പ് കോൺഗ്രസിൽ നിന്നും രാജിവെയ്ക്കേണ്ടി വന്നു. ഈ അവസ്ഥ തന്നെയാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കുള്ളത്. ഈ വികാരമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ രാജിവെച്ച് പോകുന്നതെന്ന് ശൈലേന്ദ്രനാഥ് പറഞ്ഞു. Read on deshabhimani.com

Related News