മോഹൻലാലിന്റെ സസ്‌പെൻഷൻ; കോൺഗ്രസ്‌ നേതാക്കൾ കോടതിയിൽ ഹാജരായില്ല



കോഴിക്കോട്‌ > പാർടിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌ ചോദ്യംചെയ്‌ത്‌ കോൺഗ്രസ്‌ നേതാവായിരുന്ന പി വി മോഹൻലാൽ നൽകിയ ഹർജിയിൽ കെപിസിസി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായില്ല. കെ സുധാകരൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി ജനറൽസെക്രട്ടറി ടി യു രാധാകൃഷ്‌ണൻ എന്നിവരാണ്‌ ബുധനാഴ്‌ച മുൻസിഫ്‌ കോടതിയിൽ ഹാജരാകേണ്ടിയിരുന്നത്‌. എതിർകക്ഷികളോ അഭിഭാഷകനോ ഹാജരാകാത്തതിനാൽ കേസ്‌ ജൂൺ ആറിലേക്ക്‌ മാറ്റി. കേസിലെ മറ്റൊരു എതിർകക്ഷിയായ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറിന്‌ വേണ്ടി അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽഹാജരായിരുന്നു. എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ചു. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ്‌ മോഹൻലാലിന്റെ സസ്‌പെൻഷനിലും കോടതി നടപടികളിലും എത്തിയത്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ച നേതാവിനെ പിന്തുണയ്‌ക്കാതെ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ളവർ തോൽവി ഉറപ്പാക്കിയെന്നാണ്‌ മോഹൻലാലിന്റെ ആരോപണം. ഇക്കാര്യം ഉന്നയിച്ചതിന്‌, പാർടി നേതാക്കളെ അപകീർത്തിപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ഡിസംബർ 16ന്‌ സസ്‌പെൻഡ്‌ ചെയ്യുകയായിരുന്നു. കാരണം കാണിക്കൽ നോട്ടീസ്‌ ഉൾപ്പെടെയുള്ള നടപടിക്രമം പാലിച്ചില്ലെന്ന്‌ കാണിച്ച്‌  അപ്പീൽ കമ്മിറ്റിക്ക്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ മോഹൻലാൽ കോടതിയെ സമീപിച്ചത്‌. പാർടി പുനഃസംഘടനയിൽനിന്ന്‌ മാറ്റിനിർത്താനാണ്‌ സസ്‌പെൻഷൻ നടപടിയെന്ന്‌ മോഹൻലാൽ ആരോപിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. കെ ശിവദാസൻ ഹാജരായി. Read on deshabhimani.com

Related News