യുഡിഎഫ്‌ യോഗം ബഹിഷ്‌കരിച്ച്‌ ഉമ്മൻചാണ്ടി, ചെന്നിത്തല ; സംസ്ഥാന നേതൃത്വത്തിന് കനത്ത ആഘാതം



തിരുവനന്തപുരം കോൺഗ്രസ്‌ നേതൃത്വത്തിന്റെ അവഗണനയിലുള്ള അമർഷം പരസ്യമാക്കി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് നേതൃയോഗം ബഹിഷ്‌കരിച്ചു. തിരുവനന്തപുരത്ത്‌ ഉണ്ടായിരുന്നിട്ടും യോഗത്തിൽ പങ്കെടുത്തില്ല. മുൻമുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും അപ്രതീക്ഷിത നീക്കം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കനത്ത ആഘാതമായി. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നിയമസഭാ മന്ദിരത്തിലെത്തിയ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തൊട്ടടുത്തുള്ള കന്റോൺമെന്റ്‌ ഹൗസിലെ യുഡിഎഫ്‌ യോഗം അവഗണിച്ച്‌ മടങ്ങി. കെപിസിസി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടും മനോഭാവത്തിൽ മാറ്റമില്ലാത്തതാണ്‌ മുതിർന്നനേതാക്കളെ ചൊടിപ്പിച്ചത്‌. കൂടിയാലോചന നടത്തണമെന്ന ഹൈക്കമാൻഡ്‌ നിർദേശത്തിന്‌ ചെവികൊടുക്കാതെയാണ്‌ സംസ്ഥാന നേതൃത്വം നീങ്ങുന്നത്‌. ജനറൽ സെക്രട്ടറിമാരുടെ ചുമതല നിശ്ചയിച്ചതും ആലോചിക്കാതെയാണ്‌. കെപിസിസി ഭാരവാഹികളെ നിയമിക്കുന്നതിന്‌ പട്ടിക നൽകാനാണ്‌ ആവശ്യപ്പെട്ടത്‌. പുനഃസംഘടനയിലെ അവഗണന, രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്ന ആവശ്യം തള്ളിയത്, സംസ്ഥാന കോൺഗ്രസിനെ വരുതിയിലാക്കാനുള്ള കെ സി വേണുഗോപാലിന്റെ നീക്കങ്ങൾ എന്നിവയാണ് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും അതൃപ്തിക്ക് കാരണം. സോണിയ ഗാന്ധിയെ കണ്ട് ഉമ്മൻചാണ്ടി പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. ആർഎസ്‌പിയിൽനിന്ന് ബാബു ദിവാകരൻ മാത്രമാണ് യോഗത്തിനെത്തിയത്‌. കണ്ണൂരിലായിരുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസും യോഗത്തിനെത്തിയില്ല. സുധാകരൻ  അസൗകര്യമറിയിച്ചിരുന്നുവെന്നാണ്‌ വിശദീകരണം. യുഡിഎഫ്‌ യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്ന്‌  കെ സുധാകരൻ കോഴിക്കോട്ട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.  ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളർന്നിട്ടില്ല. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്നും അദ്ദേഹം പരിഹസിച്ചു.   Read on deshabhimani.com

Related News