മുന്നണി വിപുലീകരണ പ്രഖ്യാപനത്തിൽ 
 ഉടക്കിട്ട്‌ ലീഗും ജോസഫും



തിരുവനന്തപുരം മുന്നണി വിപുലീകരിക്കാനുള്ള  കോൺഗ്രസ്‌ ചിന്തൻ ശിബിർ ആഹ്വാനം തള്ളി  യുഡിഎഫ്‌ ഘടകകക്ഷികൾ. അത്‌ കോൺഗ്രസിന്റെ മാത്രം ആഗ്രഹമാണെന്ന്‌ കേരളകോൺഗ്രസ്‌ ജോസഫ്‌ വിഭാഗം പരസ്യമായി പ്രതികരിച്ചു. മുന്നണിയിലേക്ക്‌ പുതിയ കക്ഷികളെ ക്ഷണിക്കാനല്ല, മറിച്ച്‌ അടിത്തറ വിപുലീകരിക്കാനാണ്‌ തീരുമാനിച്ചതെന്ന്‌ പറഞ്ഞ്‌ രമേശ്‌ ചെന്നിത്തലയും ശിബിർ രാഷ്‌ട്രീയ പ്രമേയത്തെ തള്ളി. തീരുമാനിക്കേണ്ടത്‌ യുഡിഎഫാണെന്ന്‌ ലീഗും വ്യക്തമാക്കി. കോൺഗ്രസ്‌ നേതൃത്വവുമായി ആശയഭിന്നതയുള്ളതിനാലാണ്‌ ശിബിറിൽ പങ്കെടുക്കാതിരുന്നതെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു. വിശദീകരണം സോണിയ ഗാന്ധിക്ക്‌ നൽകുമെന്ന്‌ പ്രതികരിച്ച മുല്ലപ്പള്ളി സതീശന്റെയും  സുധാകരന്റെയും നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ സംഘടനയെ ശക്തമാക്കാനായി സംഘടിപ്പിച്ച ചിന്തൻ ശിബിർ തീരുമാനങ്ങൾ കോൺഗ്രസിനെയും യുഡിഎഫിനെയും കൂടുതൽ ദുർബലമാക്കി. എൽഡിഎഫിനെ ലക്ഷ്യമിട്ട്‌ അവതരിപ്പിച്ച പ്രമേയത്തെച്ചൊല്ലി യുഡിഎഫിലും കോൺഗ്രസിലും പൊട്ടിപ്പുറപ്പെട്ട കലഹം തീർക്കേണ്ട ഗതികേടിലായി കോൺഗ്രസ്‌ നേതൃത്വം. മുന്നണിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ്‌ ഇത്തരം കാര്യങ്ങൾ പ്രഖ്യാപിക്കുന്നതെന്നാണ്‌ പി ജെ ജോസഫിന്റെയും മുസ്ലിംലീഗിന്റെയും നിലപാട്‌. ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും യുഡിഎഫിൽ ചർച്ച ചെയ്‌തിട്ടില്ലെന്നും ആ നിലയ്‌ക്ക്‌ കോൺഗ്രസിന്റെ അഭിപ്രായം മാത്രമായേ മുന്നണി വിപുലീകരണത്തെ കാണാനാകൂവെന്നും കേരള കോൺഗ്രസ്‌  ചെയർമാൻ പി ജെ ജോസഫും വർക്കിങ് ചെയർമാൻ മോൻസ്‌ ജോസഫും മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാൽ എൽഡിഎഫ്‌ നേതൃത്വവും ഘടകകക്ഷികളും കൃത്യമായി നിലപാട്‌ പ്രഖ്യാപിച്ചു. മുന്നണിയിൽനിന്ന്‌ ചവിട്ടിപ്പുറത്താക്കിയ തങ്ങളുടെ പിന്നാലെ നാണംകെട്ട്‌ എന്തിന്‌ വരുന്നെന്ന്‌ കേരള കോൺഗ്രസ്‌ എമ്മിലെ മന്ത്രി കൂടിയായ റോഷി അഗസ്റ്റിൻ പരിഹസിച്ചു. എൽഡിഎഫ്‌ ഒറ്റക്കെട്ടായി തുടരുമെന്ന്‌ കൺവീനർ ഇ പി ജയരാജനും വ്യക്തമാക്കി.  ശിബിർ തീരുമാനങ്ങളാകട്ടെ, കഴിഞ്ഞവർഷം തിരുവനന്തപുരത്ത്‌ ചേർന്ന നേതൃപരിശീലന ക്യാമ്പ്‌ തീരുമാനങ്ങളുടെ ആവർത്തനമായി.  വിവിധ നേതൃസമിതികൾ രൂപീകരിക്കുമെന്ന്‌ ശിബിറിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗ്രൂപ്പ്‌ തിരിഞ്ഞുള്ള അടി ഭയന്ന്‌ മാറ്റിവച്ചു. ഭിന്നത ആശയപരം: മുല്ലപ്പള്ളി കെപിസിസി ചിന്തൻ ശിബിറിൽ പങ്കെടുക്കാതിരുന്നത്‌ ആശയ ഭിന്നതമൂലമാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭിന്നത വ്യക്തിപരമല്ല.  കാരണം കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സോണിയ ഗാന്ധി‌ക്ക്‌ തന്റെ രാഷ്‌ട്രീയ സത്യസന്ധതയും പാർടി കൂറും നന്നായി അറിയാം. അവരെ കാര്യം ബോധ്യപ്പെടുത്തും. അത്‌ എന്തെന്ന്‌ മാധ്യമങ്ങളോട്‌ വിശദീകരിക്കാൻ കഴിയില്ല.  സോണിയയെ ധരിപ്പിച്ചശേഷം വിശദാംശം പങ്കുവയ്‌ക്കും. കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറാണ്‌ പരിപാടിക്ക്‌ ക്ഷണിച്ചത്‌.  പങ്കെടുക്കാനാവാത്തതിൽ മനോവേദനയുണ്ടെന്നും മുല്ലപ്പള്ളി വാർത്താലേഖകരോട്‌ പറഞ്ഞു.  ചിന്തൻ ശിബിറിൽ  പങ്കെടുക്കാത്തതിന്‌ വിശദീകരണം ചോദിക്കുമെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്‌താവനയോട്‌  പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. കോൺഗ്രസിന്റെ മാത്രം അഭിപ്രായം മുന്നണി വിപുലീകരണ ആഹ്വാനം കോൺഗ്രസിന്റെ അഭിപ്രായം മാത്രമായേ കാണാനാകൂ. ഇത്തരം കാര്യങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിൽ ഏതെങ്കിലും ഘടകകക്ഷികൾ അസംതൃപ്തരാണോ എന്നതിനെക്കുറിച്ച് ഒരറിവുമില്ല. പി ജെ ജോസഫ്‌ (ചെയർമാൻ, കേരള കോൺഗ്രസ്‌ പി ജെ ജോസഫ്‌ വിഭാഗം) തീരുമാനം എടുക്കേണ്ടത്‌ യുഡിഎഫ്‌ മുന്നണി വിപുലീകരണത്തിൽ യുഡിഎഫാണ്‌ അന്തിമ തീരുമാനം എടുക്കുക. ഏതെങ്കിലും കക്ഷികളുമായി കോൺഗ്രസ്‌ ചർച്ച നടത്തിയോ എന്ന്‌ അറിയില്ല. എം കെ മുനീർ മുസ്ലിം ലീഗ്‌ നേതാവ്‌ അതല്ല ചർച്ച ഏതെങ്കിലും കക്ഷികൾ യുഡിഎഫിൽ വരുന്നതിനെക്കുറിച്ചല്ല ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്‌തത്‌. മുന്നണി വിപുലീകരണ ചർച്ച നടക്കേണ്ടത് യുഡിഎഫിലാണ്‌. രമേശ്‌ ചെന്നിത്തല 
കോൺഗ്രസ്‌ നേതാവ്‌   Read on deshabhimani.com

Related News