ഉത്തരത്തിലെത്തുമോ 
പുതിയ സമവാക്യങ്ങൾ ; തരൂരിൽ തിരിഞ്ഞ്‌ ഗ്രൂപ്പു ചർച്ചകൾ



തിരുവനന്തപുരം ശശി തരൂരിന്റെ പരിപാടികൾ രഹസ്യമായി വിലക്കിയും പരസ്യ പ്രതികരണങ്ങൾ തടഞ്ഞും ഔദ്യോഗിക നേതൃത്വം കളിക്കാൻ തുടങ്ങിയതോടെ തരൂരിനുവേണ്ടി രംഗത്തിറങ്ങാൻ എ ഗ്രൂപ്പ്‌. ജില്ലകളിൽ തരൂരിന്റെ പരിപാടികൾ വിജയിപ്പിക്കാൻ എ ഗ്രൂപ്പ്‌ മാനേജർമാർ നിർദേശം നൽകി. എ ഗ്രൂപ്പിന്റെ മുതിർന്ന നേതാക്കളുടെ മൗനാനുവാദത്തോടെതന്നെയാണ്‌ തരൂരിന്റെ പുറപ്പാട്‌. തരൂരിനെ തടയിടാൻ ആവശ്യമായ നീക്കങ്ങൾ മറുഭാഗത്തും ശക്തമായി. തിങ്കളാഴ്‌ചത്തെ വിവിധ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ കളം കൂടുതൽ തെളിഞ്ഞു. കോഴിക്കോട്‌ വിലക്കിനു പിന്നിൽ കളിച്ചെന്ന്‌ കെ മുരളീധരൻ സൂചിപ്പിച്ച ‘അതുക്കുംമേലെ’ ഉള്ള മുഖ്യമന്ത്രിസ്ഥാനമോഹി കെ സി വേണുഗോപാലാണ്‌ എന്ന്‌ വ്യക്തം. കുളംകലക്കി മീൻപിടിക്കലാണ്‌ വേണുഗോപാലിന്റെ  ലക്ഷ്യമെന്ന്‌ മുതിർന്ന നേതാക്കൾക്കെല്ലാം മനസ്സിലായിട്ടുണ്ട്‌. സുധാകരന്റെയും സതീശന്റെയും നേതൃത്വം വെല്ലുവിളി നേരിടുന്ന സാഹചര്യം ശക്തമാക്കി മധ്യസ്ഥ റോളിൽ വേണുഗോപാൽ അവതരിച്ചേക്കും. സതീശന്റെയോ സുധാകരന്റെയോ പേര്‌ പറയാതെ പി കെ കുഞ്ഞാലിക്കുട്ടി തരൂരിനെമാത്രം പരാമർശിച്ചതും ശ്രദ്ധിക്കപ്പെട്ടു. മുന്നിൽ നിൽക്കേണ്ടയാളാണ്‌ തരൂർ എന്ന പ്രതികരണം പുതിയ ഗ്രൂപ്പ്‌ ‘ഫോർമുല’യുടെ ഉന്നം വ്യക്തമാക്കി. കോൺഗ്രസിലെ പുതിയ ധ്രുവീകരണം ഏത്‌ ദിശയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ഉപശാല ചർച്ചകളിൽപ്പോലും രൂപമില്ല. പരസ്യപ്രസ്താവന വിലക്കിയ കെ സുധാകരനും എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പുവേളയിൽ തരൂരിനെ പിന്തുണച്ച്‌ രംഗത്തുവന്നയാളാണ്‌. ഐ ഗ്രൂപ്പിലാണെന്നു പറയുമ്പോഴും ഇക്കാര്യത്തിൽ കെ മുരളീധരനും രമേശ്‌ ചെന്നിത്തലയും രണ്ടു തട്ടിലാണ്‌. എ കെ ആന്റണിയുടെ ആശീർവാദം എല്ലാക്കാലത്തും ലഭിച്ചിട്ടുള്ള എം കെ രാഘവൻ പരസ്യമായി നേതൃത്വത്തെ വെല്ലുവിളിക്കാനും പരിപാടി വിലക്കിയത്‌ അന്വേഷിക്കണമെന്ന്‌ ദേശീയ അധ്യക്ഷൻ ഖാർഗെയ്ക്കും രാഹുലിനും പരാതി നൽകാനും തയ്യാറായത്‌ പിന്നിൽ ബലമുള്ളതുകൊണ്ടാണ്‌. സുധാകരന്റെ വിലക്ക്‌ കാര്യമാക്കുന്നില്ലെന്ന തരൂരിന്റെ പ്രതികരണവും വരുംദിവസങ്ങളിൽ പോര്‌ ശക്തമാകുമെന്നതിനുള്ള സൂചനയാണ്‌. ന്യൂമാഹിയിൽ രഹസ്യയോഗം കോഴിക്കോട്ട്‌ വിലക്ക്‌ ലംഘിച്ച്‌ സെമിനാർ നടത്തിയതിനുപിന്നാലെ,  ഗ്രൂപ്പ്‌ യോഗം ചേർന്ന്‌ ശശി തരൂർ അനുകൂലികൾ. ന്യൂമാഹി മലയാള കലാഗ്രാമത്തിൽ ടി പത്മനാഭന്റെ പ്രതിമ അനാഛാദനത്തിനെത്തിയപ്പോഴാണ്‌ അതീവ രഹസ്യ  യോഗം. ശശി തരൂർ എംപി, എം കെ രാഘവൻ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ്‌ യോഗം ചേർന്നത്‌. അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം നീണ്ട യോഗത്തിൽ കണ്ണൂർ ജില്ലയിലെയും മാഹിയിലെയും  കോൺഗ്രസ്‌ നേതാക്കൾ പങ്കെടുത്തു. കെ സുധാകരൻ കെപിസിസി പ്രസിഡന്റായശേഷം ഭാരവാഹിത്വത്തിൽനിന്ന്‌ തഴയപ്പെട്ടവരും പങ്കെടുത്തു. വിട്ടുവീഴ്‌ചക്കില്ലെന്ന സന്ദേശമാണ്‌ സമാന്തര യോഗത്തിലൂടെ  തരൂർ വിഭാഗം നൽകിയത്‌.  അതേസമയം, ശശി തരൂരിന്റെ നീക്കം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്‌ സുധാകര  വിഭാഗം. തരൂരിന്റെ യാത്ര, ആരുമായൊക്കെ ബന്ധപ്പെടുന്നു തുടങ്ങിയ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്‌. അടുത്ത ദിവസം കണ്ണൂരിൽ ശശി തരൂർ എത്തുന്നുണ്ട്‌. പാണക്കാട്ടെ സന്ദർശനത്തിൽ കോൺഗ്രസിൽ ആശങ്ക കെപിസിസി നേതൃത്വത്തിന്‌ താൽപ്പര്യമില്ലെങ്കിലും കോൺഗ്രസ്‌ നേതാവ്‌ ശശി തരൂർ എംപി ചൊവ്വാഴ്‌ച മലപ്പുറത്ത്‌ എത്തും.   ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള മുസ്ലിംലീഗ്‌ നേതാക്കളെ കാണും.  രാവിലെ എട്ടിന്‌ പാണക്കാട്‌ എത്തുന്ന തരൂർ പത്തിന്‌ പെരിന്തൽമണ്ണയിൽ നജീബ്‌ കാന്തപുരം എംഎൽഎ നേതൃത്വം നൽകുന്ന പാണക്കാട്‌ ശിഹാബ്‌തങ്ങൾ സ്‌മാരക സിവിൽ സർവീസ്‌ അക്കാദമിയിൽ വിദ്യാർഥികളുമായി സംവദിക്കും. ഡിസിസി ഓഫീസ്‌ സന്ദർശിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ടെങ്കിലും തരൂരിനെ സ്വീകരിക്കാൻ നേതാക്കൾ എത്തുന്ന കാര്യം ഉറപ്പായില്ല. മലപ്പുറത്തെ കോൺഗ്രസ്‌–- മുസ്ലിംലീഗ്‌ ബന്ധം കൂടുതൽ വഷളാക്കാനേ തരൂരിന്റെ സന്ദർശനം ഇടയാക്കൂ എന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ കരുതുന്നത്‌. ശശി തരൂരിനെ എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പിന്തുണയ്ക്കാൻ ജില്ലയിൽനിന്നുള്ള കെപിസിസി അംഗങ്ങൾ തയ്യാറായിരുന്നില്ല. തരൂരിന്‌ മലപ്പുറത്ത്‌ വോട്ടില്ല എന്നായിരുന്നു പരസ്യ നിലപാട്‌. എന്നാൽ കേരളത്തിൽനിന്ന്‌ തരൂരിന്‌ ചോർന്ന വോട്ടുകളിൽ മലപ്പുറത്തുനിന്നുമുണ്ട്‌ എന്ന നിഗമനത്തിലാണ്‌ നേതൃത്വം.  തരൂരിന്റെ നിലപാടുകളോട്‌ മുസ്ലിംലീഗിന്‌ യോജിപ്പാണ്‌. ‘തരൂർ ജനകീയ നേതാവാണ്‌’ എന്നായിരുന്നു മുസ്ലിംലീഗ്‌ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്‌ച പ്രതികരിച്ചത്‌. രാഷ്‌ട്രീയ കാര്യങ്ങളും ചർച്ചയാകുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. അന്വേഷണം നടക്കട്ടെ : ശശി തരൂർ യൂത്ത്‌ കോൺഗ്രസ്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ നേതാക്കൾ ഇടപെട്ട്‌ മാറ്റിവയ്‌പിച്ചതിനെക്കുറിച്ച്‌ എം കെ രാഘവൻ എംപി അന്വേഷണം ആവശ്യപ്പെട്ടതായി ശശി തരൂർ എംപി.എന്തുചെയ്യണമെന്ന്‌ അന്വേഷണം കഴിഞ്ഞ്‌ ആലോചിക്കാം. കോഴിക്കോട്ടെ പരിപാടിയിൽ യൂത്ത്‌കോൺഗ്രസുകാരും കോൺഗ്രസുകാരും പങ്കെടുത്തിട്ടുണ്ട്‌. കോൺഗ്രസിനെ ഇഷ്‌ടപ്പെടുന്ന ജനങ്ങളുമെത്തി. കേരള രാഷ്‌ട്രീയത്തിൽ താൻ സജീവമായിത്തന്നെയുണ്ടെന്നും ന്യൂമാഹി മലയാള കലാഗ്രാമത്തിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു തരൂർ.  സെമിനാർ മാറ്റിവയ്‌പിച്ചത്‌ അന്വേഷിക്കണമെന്ന ആവശ്യം കെ മുരളീധരനും ഉന്നയിച്ചതായി എം കെ രാഘവൻ എംപി പറഞ്ഞു. പാർടിവേദിയിലും ഇക്കാര്യം പറയും. എന്തുകൊണ്ട്‌  പരിപാടി റദ്ദാക്കിയെന്നും ആരാണ്‌ പിന്നിലെന്നും അന്വേഷിക്കണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു. വിലക്കിനുപിന്നിൽ  മുഖ്യമന്ത്രിക്കുപ്പായം തയ്‌ച്ചവർ : കെ മുരളീധരൻ ശശി തരൂരിനെ വിലക്കിയതിന്‌ പിന്നിൽ  മുഖ്യമന്ത്രി പദം മോഹിക്കുന്നവരാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ എംപി. തരൂരിന്‌ തടയിട്ടതിന്റെ ഉദ്ദേശ്യം മറ്റ് ചിലതാണ്. മുഖ്യമന്ത്രിക്കുപ്പായം തയ്‌ച്ചവരാകാം ഇതിന്‌ പിന്നിൽ. ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടായി.  ഔദ്യോഗികമായി അറിയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പാർടി പരിപാടികളുടെ തീരുമാനം വാർത്തകളുടെ അടിസ്ഥാനത്തിലാവരുത്‌. ഇത്‌ സംബന്ധിച്ച്‌ എഐസിസിക്ക്‌ പരാതി നൽകിയതിൽ കാര്യമില്ല. എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ട കാര്യമില്ല.  പാർടി  കാര്യമായതിനാൽ പുറത്തുപറയില്ല.  നേതാക്കൾക്ക് അറിയാം–- മുരളീധരൻ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.   Read on deshabhimani.com

Related News