കോൺ. ബ്ലോക്ക്‌ പ്രസിഡന്റ്‌ നിയമനം: അടിമൂത്തു, 
കോടതി കയറും



തിരുവനന്തപുരം ബ്ലോക്ക്‌ പ്രസിഡന്റ്‌ പുനഃസംഘടനയോടെ കോൺഗ്രസിൽ രൂക്ഷമായ ആഭ്യന്തര കലഹം തെരുവിലേക്ക്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരെ ഒളിയമ്പുമായി എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയപ്പോൾ തനിക്കെതിരെ പടയൊരുക്കമെന്ന വാർത്ത കൊടുത്തത്‌ കോൺഗ്രസ്‌ നേതാക്കൾതന്നെയാണെന്ന്‌ അദ്ദേഹം തിരിച്ചടിച്ചു. സ്വന്തം മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റിനെ അറിഞ്ഞത് പത്രത്തിലൂടെയെന്ന്‌ കെ മുരളീധരൻ എംപിയും കൂടിയാലോചന നടന്നില്ലെന്ന്‌ എം കെ രാഘവൻ എംപിയും തുറന്നടിച്ചു. സോളാർ കേസിൽ ഉമ്മന്‍ ചാണ്ടിയെ നേതാക്കൾ പ്രതിരോധിച്ചില്ലെന്നാണ്‌ ടി സിദ്ദിഖിന്റെ പരിഭവം. പിന്തുണച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തിരിപ്പിക്കാന്‍ പ്രധാന നേതാവ്  ശ്രമിച്ചെന്നും സിദ്ദിഖ്‌ പറഞ്ഞു. സമവായത്തിന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ തിങ്കളാഴ്‌ച എത്തുമെന്ന്‌ റിപ്പോർട്ടുണ്ട്‌. എ, ഐ സംയുക്ത ഗ്രൂപ്പുയോഗത്തെ സതീശൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. ഗ്രൂപ്പുയോഗങ്ങൾ അപൂർവമായതുകൊണ്ടാണ്‌ വാർത്തയായത്‌ എന്നായിരുന്നു പ്രതികരണം.  ഗ്രൂപ്പുയോഗത്തെ കെ മുരളീധരനും തള്ളി. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ പാവയാക്കി സതീശൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ പട്ടിക ഹൈജാക്ക്‌ ചെയ്‌തെന്നാണ്‌ ഗ്രൂപ്പുകളുടെ ആക്ഷേപം. നേതൃയോഗത്തിൽ കെ സി വേണുഗോപാൽ പക്ഷക്കാരും ഇതേ ആക്ഷേപമുന്നയിച്ചു. ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ദീപ്‌തി മേരി വർഗീസ്‌ എന്നിവർ രൂക്ഷവിമർശമുന്നയിച്ചു. എം എം ഹസ്സന്റെ നേതൃത്വത്തിൽ യോഗംചേർന്ന്‌ പട്ടിക അന്തിമമാക്കണമെന്ന ഹൈക്കമാൻഡ്‌ നിർദേശം സതീശൻ കാറ്റിൽപ്പറത്തി. വെള്ളിയാഴ്‌ച രാത്രി രമേശ്‌ ചെന്നിത്തല, എം എം ഹസ്സൻ എന്നിവരെ കെ സുധാകരൻ ഇന്ദിരാഭവനിലേക്ക്‌ വിളിച്ചെങ്കിലും സമവായം ഉണ്ടായില്ല. ചെന്നിത്തലയടക്കം ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News