മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് അക്രമം: 12 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഡിവൈഎസ്‌പിക്ക്‌ തലയ്ക്ക് പരിക്ക്



മൂവാറ്റുപുഴ >പ്രതിഷേധപ്രകടനത്തിന്റെ മറവില്‍ മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്--യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമം. മൂവാറ്റുപുഴ മുനിസിപ്പല്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ എസ്‌തോസ് ഭവനുനേരെ കല്ലെറിഞ്ഞു.  ഓഫീസില്‍നിന്ന് ഇറങ്ങിവരികയായിരുന്ന ഏരിയ കമ്മിറ്റി അംഗത്തിനും ഓഫീസിന്റെ മുറ്റത്തും സമീപത്തും നിന്നവര്‍ക്കും ഉള്‍പ്പെടെ 12 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പുത്തന്‍കുരിശ് ഡിവൈഎസ്പി അജയ് നാഥിനും എസ്‌ഐ  യു എല്‍ദോസിനും തലയ്ക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാര്‍ക്ക് മുഖത്ത് പരിക്കുണ്ട്. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് മുറ്റത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ ചില്ല് തകര്‍ന്നു.  ബുധന്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെപിസിസി അംഗം എ മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയവരാണ് ആക്രമണം നടത്തിയത്. കാവുംപടി റോഡിലെ കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് എത്തിയ കോണ്‍ഗ്രസ്--യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനുമുന്നിലെത്തി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കുറുവടിയും കല്ലും എറിഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തുന്നതിനിടെ പ്രകോപനമുദ്രാവാക്യവുമായി സംഘര്‍ഷമുണ്ടാക്കിയ കോണ്‍ഗ്രസ്--യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അക്രമിസംഘത്തിലുണ്ടായിരുന്നു.  കച്ചേരിത്താഴത്തേക്ക് പ്രകടനമായി നീങ്ങിയ സംഘം സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടിമരങ്ങളും പ്രചാരണസാമഗ്രികളും തകര്‍ത്തു. കോണ്‍ഗ്രസ് ഓഫീസിലേക്ക് പ്രകടനമായി തിരികെയെത്തുമ്പോഴാണ്  സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തത്. സിപിഐയുടെ കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം--ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.   Read on deshabhimani.com

Related News