ദേശാഭിമാനി ഓഫീസിന് നേരെ കോണ്‍ഗ്രസ് അക്രമം: പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു



തിരുവനന്തപുരം> ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്‌ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. പ്രകോപനപരമായി അസഭ്യമായ മുദ്രാവാക്യം വിളിച്ചാണ് വയനാട് ബ്യൂറോക്ക് നേരെ കല്ലേറ് നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വാർത്ത സമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങൾ തനിക്ക് അനിഷ്ടമാവുമ്പോൾ അസംബന്ധം പറയരുതെന്നും വാർത്ത സമ്മേളനത്തിൽ നിന്നും ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ്  നിലപാട് തിരുത്തണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്‌ക്ക് നേരെ ആക്രമണം നടത്തിയതിൽ കെ യു ഡബ്ല്യു ജെ ദേശാഭിമാനി സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് കോ- ഓർഡിനേഷൻ സംസ്ഥാന പ്രസിഡൻ്റ് എസ് മനോജും സെക്രട്ടറി കെ പ്രഭാതും പ്രസ്‌താവനയിൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News