ക്ലീന്‍ കൊച്ചിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം: ജില്ലാ കളക്‌ടര്‍



കൊച്ചി> മാലിന്യ വിമുക്ത കൊച്ചിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്‌ടര്‍ എന്‍ എസ് കെ ഉമേഷ്. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ശില്‌പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ആ ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം ജനങ്ങളുടെ കൂടി സഹകരണവും പിന്തുണയും ആവശ്യമാണെന്നും കളക്‌ടർ പറഞ്ഞു. ബ്രഹ്‌‌മപുരം തീപിടിത്തത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്കകളും സംശയങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ എന്‍ജിഒ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുറന്ന ചര്‍ച്ചയ്‌ക്കും സംശയ നിവാരണത്തിനുമുള്ള വേദിയായിരുന്നു ശില്പശാല. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ പരിഗണിച്ച് തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ പരിസ്ഥിതി മലിനീകരണം, ആരോഗ്യം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളിലാണ് ശില്പശാല സംഘടിപ്പിച്ചത്. ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ സവിത, മലീനികരണ നിയന്ത്രണ ബോര്‍ഡ് എൻവയൺമെന്റല്‍ എഞ്ചിനീയര്‍ പി ബി ശ്രീലക്ഷ്‌മി, കേരള അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറും ഹരിത കേരള മിഷൻ മുൻ ജില്ലാ കോ ഓഡിനേറ്ററുമായ സുജിത് കരുണ്‍ എന്നിവർ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. Read on deshabhimani.com

Related News