കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം വെള്ളിയാഴ്ചമുതൽ എടുക്കണമെന്ന് ഹൈക്കോടതി



കൊച്ചി> കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം വെള്ളിയാഴ്ചമുതൽ എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മാലിന്യം എടുക്കാതിരിക്കുക, പൊതുസ്ഥലത്ത് മാലിന്യംതള്ളുക തുടങ്ങിയ പരാതികൾ നൽകാന്‍ കൗൺസിലർമാരുടെ ഫോൺ നമ്പറടക്കം നൽകണമെന്ന്‌ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു. മാലിന്യം സംസ്കരിക്കാൻ ബ്രഹ്മപുരത്ത്‌ മൂന്നുമാസത്തിനുള്ളിൽ താൽക്കാലിക സംവിധാനം ഒരുക്കുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചതിനാലാണ് പ്ലാസ്റ്റിക് എടുക്കാനാകാത്തതെന്ന് സെക്രട്ടറി വ്യക്തമാക്കി. മെയ് 31 വരെ ബ്രഹ്മപുരത്തേക്കാണ് മാലിന്യം കൊണ്ടുപോയിരുന്നത്. പിന്നീട് മറ്റ് ഏജൻസികളെ ഏൽപ്പിച്ചെങ്കിലും വിജയിച്ചില്ലെന്നും വിശദീകരിച്ചു. മാലിന്യം ശേഖരിക്കുന്നില്ലെങ്കിൽ പരാതി പറയാൻ ത്രിതല സംവിധാനം വേണമെന്നും കോടതി പറഞ്ഞു. മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയാൽ   കരാറുകാര്‍ക്കെതിരെ സിവിൽ, ക്രിമിനൽ നടപടികളുണ്ടാകണമെന്നും കോടതി നിർദേശിച്ചു. കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് ഫെബ്രുവരിയോടെ ശാശ്വത പരിഹാരമുണ്ടാകുമെന്ന്  അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു. ജില്ലയിൽ ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ പദ്ധതിക്ക് രൂപം നൽകിയതായി കലക്ടർ അറിയിച്ചു. 2018ലെ പ്രളയത്തെ നേരിട്ടതുപോലെ ജനപങ്കാളിത്തത്തോടെ മാലിന്യപ്രശ്നം നേരിടണമെന്നും കോടതി നിർദേശിച്ചു.   Read on deshabhimani.com

Related News