കമ്പനി നെറ്റ്‌വർക്ക്‌ തകർക്കാമോ ? 
ഒരുലക്ഷം രൂപ സമ്മാനം



കൊച്ചി കമ്പനിയുടെ നെറ്റ്‌വർക്ക്‌ ഹാക്ക്‌ ചെയ്‌ത്‌ തകർത്താൽ ഒരുലക്ഷം രൂപ സമ്മാനം. 25 മണിക്കൂറാണ്‌ സമയം. കേരള പൊലീസ്‌ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സൈബർ സുരക്ഷാ സമ്മേളനം ‘കൊക്കൂൺ 2022’ലാണ്‌ വേറിട്ട മത്സരം. കൊക്കൂൺ സമ്മേളനവേദിയിൽ ഒരുകൂട്ടം ഹാക്കർമാർ കമ്പനിയുടെ നെറ്റ്‌വർക്കിൽ നുഴഞ്ഞുകയറാൻ തലപുകയ്ക്കുകയാണ്‌. യഥാർഥ കമ്പനിയുടെ നെറ്റ്‌വർക്കല്ല തകർക്കാൻ നൽകിയിരിക്കുന്നത്‌. ഡമ്മി കമ്പനിയുണ്ടാക്കിയാണ് മത്സരം. രണ്ടുപേർവീതമുള്ള 50 ടീമുകളാണ് ‘ക്യാപ്ചർ ദ ഫ്ലാഗ് ഇവന്റ്’ മത്സരത്തിനുള്ളത്. കേരള പൊലീസിന്റെ സൈബർ ഡോമും തിരുവനന്തപുരത്തെ ബീഗിൾ സെക്യൂരിറ്റീസ് സോഫ്റ്റ്‌വെയറും ചേർന്നാണ്‌ മത്സരം നടത്തുന്നത്‌. ബാങ്കുകളുടെയോ കമ്പനികളുടെയോ നെറ്റ്‌വർക്ക്‌ സംവിധാനം ഹാക്ക് ചെയ്‌താൽ അവയുടെ പ്രവർത്തനം താൽക്കാലികമായി നിലയ്ക്കാം. ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം കണ്ടെത്താൻ ‘എത്തിക്കൽ ഹാക്കർ’മാരെ സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. കമ്പനി നെറ്റ്‌വർക്കുകളിലെ പഴുതുകൾ കണ്ടെത്തിയാണ് ഹാക്കർമാർ നുഴഞ്ഞുകയറി അവ നശിപ്പിക്കുന്നത്. അത്തരം നുഴഞ്ഞുകയറ്റത്തിനുമുമ്പേ പഴുതുകൾ കണ്ടെത്തി അതാത് കമ്പനികളെ അറിയിക്കുകയാണ് എത്തിക്കൽ ഹാക്കർമാർ ചെയ്യുന്നതെന്ന് ബീഗിൾ സെക്യൂരിറ്റീസ് ഡയറക്ടർ റജാ റഹീം പറഞ്ഞു. Read on deshabhimani.com

Related News