കുട്ടികളുടെ 
നഗ്നസെൽഫികൾ 
കൂടുന്നു ; മുന്നറിയിപ്പുമായി സൈബർ വിദഗ്ധ



കൊച്ചി കുട്ടികളുടെ നഗ്നസെൽഫി ചിത്രങ്ങൾ ഇന്റർനെറ്റിലും ഡാർക്ക്‌ വെബ്ബിലും പ്രചരിക്കുന്നത്‌ വ്യാപകമായിരിക്കുകയാണെന്ന്‌ ഇന്റർപോളിൽ കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ മുൻ ക്രിമിനിൽ ഇന്റലിജൻസ്‌ ഓഫീസർ സെസിലിയ വാലിൻ. മറ്റാരുടെയെങ്കിലും പ്രേരണയാലും ഭീഷണിമൂലവുമാണ്‌ കുട്ടികൾ ഇത്തരം ചിത്രങ്ങൾ അയക്കാൻ നിർബന്ധിതരാകുന്നത്‌. ഇരയാകുന്നത്‌ കൂടുതലും എട്ടുമുതൽ 12 വയസ്സുവരെയുള്ളവരാണെന്നും സെസിലിയ പറഞ്ഞു. കേരള പൊലീസ്‌ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സൈബർ സുരക്ഷാ സമ്മേളനം ‘കൊക്കൂൺ 2022’ൽ പങ്കെടുക്കാൻ എത്തിയതാണ്‌ അവർ.  കണക്കുകൾ അനുസരിച്ച്‌ ലോകത്ത്‌ ഓരോ ദിവസവും ഏഴു കുട്ടികൾ ഇത്തരം ചതിക്കുഴികളിൽ വീഴുന്നുണ്ട്‌. ഇത്‌ റിപ്പോർട്ട്‌ ചെയ്യുന്ന കേസുകളുടെ എണ്ണമാണ്‌. യഥാർഥ കണക്ക്‌ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്‌. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ കുട്ടികളെയടക്കം ബോധവാന്മാരാക്കണം. ലൈംഗികവിദ്യാഭ്യാസം സ്‌കൂൾ പ്രാഥമികതലംമുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഇരകളാകുന്നവരെ കാര്യങ്ങൾ അറിയിക്കുക പ്രധാനമാണ്‌. വേണ്ടിവന്നാൽ കൗൺസലിങ്‌ അടക്കം നൽകാനാകും. ഇക്കാര്യത്തിൽ കേരള പൊലീസ്‌ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സെസിലിയ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളിലെ ഇരകളെ തിരിച്ചറിയാനും കണ്ടെത്താനും വിവിധ രാജ്യങ്ങളിലെ പൊലീസ്‌ സേനയെ സഹായിക്കുന്ന കൺസൾട്ടന്റായാണ്‌ ഓസ്‌ട്രേലിയൻ സ്വദേശിനി സെസിലിയ പ്രവർത്തിക്കുന്നത്‌. കേരള പൊലീസിന്‌ അഞ്ചുവർഷമായി സെസിലിയ സേവനം നൽകുന്നു. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിക്കുന്നത്‌ 
തടയാൻ കനേഡിയൻ സോഫ്റ്റ്‌വെയർ കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈം​ഗിക അതിക്രമണത്തിനെതിരെ കർശന നടപടിയെടുക്കുന്ന കേരള പൊലീസിന്‌ കരുത്തുപകരാൻ ഇനി കനേഡിയൻ സോഫ്‌റ്റ്‌വെയറും. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പൊലീസ്‌ നടത്തുന്ന ഓപ്പറേഷൻ പി ഹണ്ട് ഊർജിതമാക്കാൻ പ്രമുഖ കനേഡിയൻ സോഫ്‌റ്റ്‌വെയർ മാഗ്‌നെറ്റ് ഫോറൻസിക്കിന്റെ സഹായമാണ്‌ കേരള പൊലീസിന് ലഭിച്ചത്‌. ഓപ്പറേഷൻ പി ഹണ്ടിന് നേരത്തേ ഇന്റർപോളിന്റെ സഹായം ലഭിച്ചിരുന്നു. ഇതുവഴിയാണ് മാഗ്‌നെറ്റ് ഫോറൻസിക്കുമായി സഹകരണത്തിലെത്തിയത്. മാഗ്‌നെറ്റ് കമ്പനി അവരുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായാണ്‌ പൊലീസുമായി സഹകരിക്കുന്നത്. ലോകത്തെ പല കുറ്റാന്വേഷണ ഏജൻസികളും ഉപയോഗിക്കുന്ന മാഗ്‌നെറ്റ്‌ എക്‌സോമി, മാഗ്‌നെറ്റ്‌ ഔട്ട് റൈഡർ എന്നീ ഫോറൻസിക് സോഫ്‌റ്റ്‌വെയർ ടൂളുകൾ കേരള പൊലീസിന് ഒരുവർഷത്തേക്ക്‌ സൗജന്യമായി ഉപയോഗിക്കാം.  സോഫ്റ്റ്‌വെയർ ലൈസൻസുകൾ കൊക്കൂൺ വേദിയിൽ മാഗ്‌നെറ്റ്‌ കമ്പനി വൈസ് പ്രസിഡന്റ് ഡാനി ബോൾഡക്  സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് കൈമാറി. കേരള പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഫോറൻസിക് സോഫ്റ്റ്‌വെയർ ലൈസൻസുകൾ കൂടുതൽ കരുത്തുപകരും. Read on deshabhimani.com

Related News