സഹകരണ നിയമ ഭേദഗതി ശുപാർശ പരിഗണനയിൽ; സർക്കാർ ഹൈക്കോടതിയിൽ



കൊച്ചി > കേരളത്തിലെ സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിൽ വ്യക്തമാക്കി. വീഴ്‌ച വരുത്തുന്ന മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാവും വിധം നിയമ ഭേദഗതിക്കുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. സർക്കാർ നടപടി അഭിനന്ദനാർഹമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വീഴ്‌ച വരുത്തുന്ന മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾക്കെതിരെ നഷ്ട ഉത്തരവാദിത്ത നടപടികളും ക്രിമിനൽ നടപടികളും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടന്നും ഇക്കാര്യത്തിൽ ക്രിയാത്മ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയായ നടപടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് സ്ഥിര നിക്ഷേപം തിരികെ നൽകിയല്ലെന്ന കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കവേയാണ് സർക്കാർ നിലപാട് അറിയിച്ചത്. കോടതി ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തിൽ സഹകരണ രജിസ്‌ട്രാർ പി ബി നൂഹിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു. ബാങ്കിലെ മൂന്ന് വനിതാ ജീവനക്കാർ നടത്തിയ ക്രമക്കേടിനെ തുടർന്നാണ് ബാങ്ക് പ്രതിസന്ധിയിലായത്‌. മുൻഭരണ സമിതിക്കും ജീവനക്കാർക്കും എതിരെ ക്രിമിനൽ കേസെടുത്തു. ഇവരെ കോടതി റിമാൻഡ്‌ ചെയ്തെന്നും വീഴ്‌ച‌ വരുത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും സർക്കാർ വിശദീകരിച്ചു. Read on deshabhimani.com

Related News