രാജ്യത്തെ ജനങ്ങളുടെ അതൃപ്‌തിയെ ഉജ്വല സമരരൂപമാക്കി മാറ്റണം: മുഖ്യമന്ത്രി



തിരുവനന്തപുരം> സമകാലിക ചരിത്രത്തിൽ ഉജ്വലമായ സമരങ്ങൾകൊണ്ട്‌ ഇടപെടാൻ സിഐടിയുവിന്‌ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന നയങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന അതൃപ്‌‌തിയെയും അമർഷത്തെയും രോഷത്തെയും ചാൽകീറി മുന്നോട്ടുകൊണ്ടുപോയി ഉജ്വല സമരരൂപങ്ങളാക്കി പരിവർത്തിപ്പിക്കുക എന്നതാണ്‌ സിഐടിവുവിന്റെ പുതിയ കാലത്തെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ‘സിഐടിയു കേരള ചരിത്രം’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണ നയത്തിന്റെ തിക്തഫലങ്ങൾ സൃഷ്‌ടിക്കുന്ന അസഹനീയ ജീവിതാവസ്ഥയിൽ രോഷംകൊള്ളുന്ന തൊഴിലാളികൾ അടക്കമുള്ള ജനവിഭാഗങ്ങൾ സിഐടിയുവിനെ പ്രത്യാശയോടെയാണ്‌ കാണുന്നത്‌. ആ നയങ്ങൾ സമൂഹത്തിലെമ്പാടും ദുരന്തം വിതയ്‌ക്കുകയാണ്‌. ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങൾ പൊരുതി നേടിയെടുത്തതൊക്കെ ഇല്ലായ്‌മ ചെയ്യപ്പെടുന്നു. അതിദേശീയതാവാദംകൊണ്ടും മതവർഗീയ ലഹരികൊണ്ടും ഇതെല്ലാം മറച്ചുവയ്‌ക്കാനും തൊഴിലാളി വർഗത്തെ  ജാതിയുടെയും മതത്തിന്റെയും പേരിൽ കള്ളിതിരിച്ച്‌ പരസ്‌പരം പൊരുതിക്കാനും കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്ന ഘട്ടമാണിത്‌. ഉയർന്നുവരുന്ന കർഷക, തൊഴിലാളി ഐക്യത്തെ തകർക്കാൻ ശ്രമം നടക്കുന്നു. കർഷക സമരത്തിന്‌ സംഭാവന നൽകിയതിന്റെ പേരിൽ പോസ്‌റ്റൽ ജീവനക്കാരുടെ സംഘടനയ്‌ക്കുള്ള അംഗീകാരം എടുത്തുകളഞ്ഞു. പുതിയ ലേബർ കോഡുകൾ അടക്കമുള്ള വിഷയങ്ങൾ തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌. ഇത്തരം തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കെല്ലാമെതിരെ കരുത്തോടെ പോരാടേണ്ട ഘട്ടമാണിത്‌. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരായ പോരാട്ടങ്ങളുടെ തീച്ചൂളയിലാണ്‌ സിഐടിയു പിറന്നതും വളർന്നും. അടിമകാലഘട്ടത്തിൽ വിൽപ്പനച്ചരക്കായിരുന്ന തൊഴിലാളി ആത്മാഭിമാനമുള്ള തൊഴിലാളിയായി മാറിതിന്റെ ചരിത്രമാണ്‌ ഇവിടെ രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ, സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ എംഎൽഎ, സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്‌, മന്ത്രി വി ശിവൻകുട്ടി,  കെ എസ്‌ സുനിൽകുമാർ, ജില്ലാ സെക്രട്ടറി സി ജയൻബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News