തലയുയര്‍ത്തി ജെന്‍ഡര്‍ പാര്‍ക്ക്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ഫോട്ടോ: ബിനു രാജ്‌


കോഴിക്കോട് > ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെന്‍ഡര്‍ പാര്‍ക്ക് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. രാജ്യവും ലോകവും ശ്രദ്ധിക്കുന്ന സംരംഭമാണ് ജെന്‍ഡര്‍ പാര്‍ക്കെന്നും ഈ സര്‍ക്കാറിന്റെ കാലത്ത് ഇത് നടപ്പാക്കാനായതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിലെ ജെന്‍ഡര്‍ മ്യൂസിയം, ലൈബ്രറി, കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയേറ്റര്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. വനിതാ സംരംഭകര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിപണന സ്ഥലം ഒരുക്കുന്നതിനുമുള്ള അന്താരാഷ്ട്ര വനിതാ വ്യാപാരകേന്ദ്ര(ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്റര്‍) ത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുഎന്‍ വിമണ്‍ തുല്യപങ്കാളിത്ത വ്യവസ്ഥയില്‍ ജെന്‍ഡര്‍ പാര്‍ക്കുമായി സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടുണ്ട്. ദക്ഷിണേഷ്യയിലെതന്നെ ലിംഗസമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും കേന്ദ്രമായി ഇതോടെ പാര്‍ക്കു മാറും. ലിംഗസമത്വത്തിലധിഷ്ഠിതമായ പ്രമേയങ്ങളുമായി അന്താരാഷ്ട്ര, ദേശീയതലത്തില്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണലുകളും ഓണ്‍ലൈന്‍ പതിപ്പുകളും ജെന്‍ഡര്‍ ലൈബ്രറിയില്‍ ലഭ്യമാവും. ചരിത്രാതീത കാലം മുതല്‍ സ്ത്രീ സമൂഹത്തിനുണ്ടായ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങള്‍, കേരളത്തിലെ വനിതാ നവോഥാന പ്രസ്ഥാനങ്ങള്‍, സമരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. വനിതാസംരഭകര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വ്യാപാര-വിപണന സാധ്യതകളൊരുക്കുന്ന വനിതാവ്യാപാരകേന്ദ്രം യു.എന്‍.വിമണിന്റെ സഹകരണത്തോടെയാണ്  പ്രവര്‍ത്തിക്കുക. Read on deshabhimani.com

Related News