ദേശീയ ശുചിത്വ പുരസ്‌കാരം നേടി കേരളത്തിലെ നഗരസഭകള്‍



തിരുവനന്തപുരം> ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ അവാര്‍ഡിന് അര്‍ഹരായി കേരളത്തിലെ നഗരസഭകള്‍. ഗുരുവായൂര്‍, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളില്‍ രണ്ടെണ്ണവും കേരളത്തില്‍ നിന്നാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 1850ലധികം നഗരങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് കേരളത്തിന്റെ ഈ നേട്ടം. അവാര്‍ഡിന് അര്‍ഹമായ നഗരസഭകളിലെ ജനപ്രതിനിധികളെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ശുചിത്വ മേഖലയില്‍ കേരളം നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിലെ അവാര്‍ഡ് നേട്ടമെന്നും മന്ത്രി പറഞ്ഞു. പുരസ്‌കാരം മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പ്രചോദനമാകും. മാലിന്യമുക്ത നവകേരള സൃഷ്ടിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം കൂടുതല്‍ വേഗം പകരുമെന്നും മന്ത്രി പറഞ്ഞു. അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് ഗുരുവായൂര്‍ അവാര്‍ഡിന് അര്‍ഹമായത്. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ആലപ്പുഴയും പുരസ്‌കാരം സ്വന്തമാക്കി. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെ ഡല്‍ഹിയില്‍ നടക്കുന്ന സ്വച്ഛ് ശേഖര്‍ സമ്മേളനത്തില്‍ സ്വച്ഛ് സുര്‍വ്വേക്ഷന്‍ അവാര്‍ഡ് വിതരണം ചെയ്യും. ശുചിത്വവും സുന്ദരവുമായ കേരളമൊരുക്കാന്‍ നിരവധി പദ്ധതികളാണ് ശുചിത്വ മിഷന്റെയും ക്ലീന്‍ കേരളാ കമ്പനിയുടെയും കെഎസ്ഡബ്ല്യൂഎംപിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജലാശയങ്ങളെ വീണ്ടെടുക്കാനായി സംഘടിപ്പിച്ച തെളിനീരൊഴുകും നവകേരളം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ മനുഷ്യനെയും പ്രാപ്തനാക്കാന്‍ ആവശ്യമായ വിപുലമായ പ്രചാരണ പരിപാടികളും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ശുചിത്വകേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സര്‍ക്കാരിനൊപ്പം അണിനിരക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.   Read on deshabhimani.com

Related News