കൊച്ചി വിമാനത്താവളം പുതിയ ഉയരത്തിൽ ; ബിസിനസ്‌ ജെറ്റ്‌ 
ടെർമിനൽ ഉദ്‌ഘാടനം നാളെ



നെടുമ്പാശേരി രാജ്യത്തെ ആദ്യ ചാർട്ടർ ഗേറ്റ്‌വേയായ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ശനി വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്‍ പങ്കെടുക്കും. ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും. രണ്ടാംടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും. സിയാലിൽ നിലവിലുള്ള രണ്ട് ടെർമിനലുകൾക്കുപുറമെയാണിത്‌. ആഭ്യന്തരയാത്രയ്ക്ക് ടെർമിനൽ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെർമിനൽ മൂന്നും തുടരും. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ ആകർഷകമായ അകച്ചമയങ്ങളുമായാണ് സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ പൂർത്തിയായത്. സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ് ഇൻ പോർച്ച്, മനോഹരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്, വിദേശനാണ്യ കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിങ് സംവിധാനം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന്‌ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.  രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ ബിസിനസ് ജെറ്റ് ടെർമിനൽ പരമാവധി ചെലവ് കുറച്ച് പണികഴിപ്പിച്ചിട്ടുള്ളതിനാൽ, ചാർട്ടേർഡ് വിമാനയാത്ര കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാകും. 30 കോടി രൂപ മുടക്കി 10 മാസത്തിനുള്ളിലാണ് ടെർമിനൽ പൂർത്തിയാക്കിയത്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും വിജയകരമായി നടപ്പാക്കാനുമുള്ള സിയാലിന്റെ വികസനനയവും  ചെയർമാനായ മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഡയറക്ടർ ബോർഡിന്റെയും മാർഗനിർദേശങ്ങളുമാണ്‌ ഈ പ്രോജക്ട് പൂർത്തിയാക്കുന്നതിന് സഹായിച്ചതെന്നും  സുഹാസ് പറഞ്ഞു. Read on deshabhimani.com

Related News