സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്‌ഘാടനം ഡിസംബർ 10ന്‌



  നെടുമ്പാശേരി കുറഞ്ഞ ചെലവിൽ ബിസിനസ് ജെറ്റ് യാത്ര ഒരുക്കാൻ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ പൂർത്തിയായി. ഡിസംബർ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ടെർമിനൽ നാടിന് സമർപ്പിക്കും.  ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനൽ പ്രവർത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നാകും സിയാൽ. 30 കോടി രൂപ മുടക്കി 10 മാസത്തിനുള്ളിലാണ് 40,000 ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ പൂർത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ബിസിനസ് ജെറ്റ് ടെർമിനൽകൂടിയാണിത്‌. ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്ന രാജ്യത്തെ ആദ്യ ചാർട്ടർ ഗേറ്റ്‌വേ എന്ന ആശയവും ഇതുവഴി യാഥാർഥ്യമാകും. ആഭ്യന്തര, രാജ്യാന്തര ജെറ്റ് ഓപ്പറേഷനുകൾക്ക് ബിസിനസ് ജെറ്റ് ടെർമിനൽ സജ്ജമാണ്. സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ് ഇൻ പോർച്ച്, ലോബി, അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ആരോഗ്യ–-സുരക്ഷാ സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിങ് സംവിധാനം എന്നിവയും ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. അതിസുരക്ഷ ആവശ്യമുള്ള അതിഥികൾക്ക്‌ സേഫ് ഹൗസും സജ്ജമാണെന്ന്‌ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. ചെലവ് കുറച്ച് നിർമിച്ചതിനാൽ ചാർട്ടേഡ് വിമാനയാത്ര കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാകും. നിലവിൽ സിയാലിലുള്ള രണ്ട് ടെർമിനലുകൾക്കുപുറമെയാണ്‌ പുതിയ ബിസിനസ്‌ ജെറ്റ്‌ ടെർമിനൽ.  ആഭ്യന്തരയാത്രയ്ക്ക് ടെർമിനൽ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെർമിനൽ മൂന്നും തുടരും. രണ്ടാം ടെർമിനലിലാണ്‌ ബിസിനസ് ജെറ്റ് ടെർമിനൽ സ്ഥാപിച്ചത്‌. Read on deshabhimani.com

Related News