സാംസ്‌കാരിക പ്രതിരോധത്തിന്റെ 
പ്രാധാന്യമേറി: മുഖ്യമന്ത്രി



തിരുവനന്തപുരം ചലച്ചിത്ര വ്യവസായത്തെ എക്കാലവും പ്രോത്സാഹിപ്പിക്കുന്ന നയമാണ്‌ സർക്കാരിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിത്രാഞ്‌ജലി സ്‌റ്റുഡിയോയുടെ  നവീകരണോദ്‌ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രതിരോധത്തിന്റെ പ്രധാന്യം വർധിച്ചിരിക്കുന്ന കാലമാണിത്‌. വിശാലമാനവികതയ്‌ക്കുവേണ്ടി നിലകൊള്ളുന്ന ചലച്ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം.  വിനോദോപാധി എന്നതിലുപരി ഉദാത്ത കലയെന്ന നിലയിലുള്ള ചലച്ചിത്രങ്ങൾക്ക്‌ വലിയ സ്ഥാനമുണ്ട്‌. കുടുംബത്തിലും സമൂഹത്തിലും നിലനിൽക്കുന്ന പുരുഷാധിപത്യത്തിന്‌ എതിരെയുള്ള സ്‌ത്രീകളുടെ ചെറുത്തുനിൽപ്പ്‌‌, ആദിവാസിയടക്കമുള്ള വിഭാഗങ്ങൾക്ക്‌ നേർക്കുള്ള ചൂഷണം, യന്ത്രയുഗത്തിലെ സങ്കീർണമായ മനുഷ്യ ബന്ധങ്ങൾ എന്നിവയെല്ലാം സിനിമകൾക്ക്‌ പ്രമേയമാകണം. ചിത്രാഞ്‌ജലിയുടെ  നവീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ ചലച്ചിത്രങ്ങൾ കേരളത്തിൽ മികവുറ്റ രീതിയിൽ നിർമിക്കാനാകും. നിർമാണ ചെലവ്‌ കുറയ്‌ക്കാനാകും.  വിവിധ കാരണങ്ങളാൽ ഇടക്കാലത്ത്‌ സ്‌റ്റുഡിയോയുടെ വളർച്ച മന്ദഗതിയിലായി. അതിനൊരു പരിഹാരമെന്ന നിലയിലാണ്‌ നവീകരണം. കലാമേഖലയോടുള്ള പ്രോത്സാഹനത്തേയും ജനക്ഷേമ പ്രവർത്തനങ്ങളേയും നാട്‌ പിന്തുണയ്‌ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീകരിച്ച ചിത്രാഞ്‌ജലി സ്‌റ്റുഡിയോ ചലച്ചിത്ര വ്യവസായത്തിന്‌ വലിയമുതൽക്കൂട്ടാകുമന്ന്‌ ചടങ്ങിൽ അധ്യക്ഷനായ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. സിനിമാ മേഖലയ്‌ക്ക്‌ വലിയ പിന്തുണയാണ്‌ സർക്കാർ നൽകിയത്‌. കൂടുതൽ നേട്ടങ്ങളിലേക്ക്‌ ഇനിയും നയിക്കും. അതിന്‌ ഈ സർക്കാരിന്‌ തുടർച്ചയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസ നേർന്നു. ഒ രാജഗോപാൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുൺ, മധുപാൽ, സുരേഷ്‌കുമാർ, കിരീടം ഉണ്ണി, അജിത്ത്‌ കുമാർ, കൗൺസിലർ ശിവകുമാർ എന്നിവർ സംസാരിച്ചു. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 150കോടി രൂപ ചെലവിലാണ്‌ ചിത്രാഞ്‌ജലി സ്‌റ്റുഡിയോ അന്താരാഷ്ട്രനിലവാരത്തിൽ നവീകരിക്കുന്നത്‌. Read on deshabhimani.com

Related News