ചൈനയിൽനിന്ന് എത്തിയിട്ട് 20മാസം ; മടങ്ങാനാകാതെ വിദ്യാർഥികൾ



കോഴിക്കോട്‌ കോവിഡ്‌ വ്യാപനത്തോടെ ചൈനയിലേക്കുള്ള  വിമാനയാത്ര നിർത്തിയത്‌ മൂവായിരത്തോളം എംബിബിഎസ്‌ വിദ്യാർഥികളുടെ പഠനം അവതാളത്തിലാക്കുന്നു. 20 മാസമായിട്ടും ഇവർക്ക്‌ മടങ്ങാനായിട്ടില്ല. ഓൺലൈൻ പഠനമാണ്‌ ആശ്രയം. 2019 ജനുവരിയിലാണ്‌ കൂടുതൽ വിദ്യാർഥികൾ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയത്‌. ഓൺലൈൻ പഠനത്തിന്‌ ഇന്ത്യയിലെ നാഷണൽ മെഡിക്കൽ കൗൺസിൽ(എൻഎംസി) അംഗീകാരം നൽകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്‌. കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനെയും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡവ്യയെയും കണ്ട്‌ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ്‌ പാരന്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.  കേന്ദ്ര സർക്കാർ നയപരമായി ഇടപെടണമെന്നാണ്‌ ആവശ്യം. വാക്‌സിനേഷൻ 85 ശതമാനം ആയശേഷം യാത്ര അനുവദിക്കാമെന്ന നിലപാടിലാണ്‌ ചൈന.  വിദേശത്ത്‌ എംബിബിഎസ്‌ പഠിക്കുന്നവരോടുള്ള  നിലപാടിൽ മാറ്റം വേണമെന്നും ഇവർ പറയുന്നു. രജിസ്‌ട്രേഷൻ നടപടികൾക്ക്‌ വലിയ കാലതാമസമുണ്ട്‌. നാട്ടിൽ പഠിച്ചവർക്ക്‌ ഇന്റേൺഷിപ്പിന്‌ സ്‌റ്റൈപെൻഡ് നൽകുമ്പോൾ വിദേശത്ത്‌ പഠിച്ചവർ 1.2 ലക്ഷം രൂപ നൽകി ഇന്റേൺഷിപ് ചെയ്യേണ്ട സ്ഥിതിയാണെന്നും വിദ്യാർഥികൾ പറയുന്നു. Read on deshabhimani.com

Related News