5000 കോടിയുടെ അഴിമതിയെന്ന്‌ പറഞ്ഞിട്ടില്ല: ചെന്നിത്തല



തിരുവനന്തപുരം > ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ 5000 കോടിരൂപയുടെ അഴിമതിക്കഥ വിഴുങ്ങി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. അഴിമതി നടന്നെന്നല്ല, 5000 കോടി രൂപയുടെ കരാർ എന്ന്‌ മാത്രമാണ്‌ താൻ പറഞ്ഞതെന്നാണ്‌ ചെന്നിത്തല ഇപ്പോൾ പറയുന്നത്‌. അമേരിക്കൻ കമ്പനിയും സംസ്ഥാന പൊതുമേഖലാ സ്ഥാപനവും നടത്തിയ ധാരണപത്രം കരാറായി  വളച്ചൊടിച്ച്‌   5000 കോടിരൂപയുടെ അഴിമതി നടന്നുവെന്നാണ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം കൊല്ലത്ത്‌ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്‌. ഇതിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമായ മറുപടി പറഞ്ഞതോടെ ചെന്നിത്തല വെട്ടിലായി. ധാരണപത്രം ഒപ്പിട്ട കെഎസ്‌ഐഎൻസി എംഡി, ചെന്നിത്തലയുടെ പഴയ  പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന വാർത്തയും പുറത്തുവന്നു.  ഇതോടെയാണ്‌ 5000 കോടിരൂപയുടെ അഴിമതി ആരോപണം അദ്ദേഹം വിഴുങ്ങിയത്‌. ഇക്കാര്യം  മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും അദ്ദേഹം പറയുന്നു.  അഴിമതി ആരോപണം  ഉന്നയിക്കുകയും അതിൽനിന്ന്‌ തടിയൂരുകയും ചെയ്യുന്നത്‌ ചെന്നിത്തലയുടെ സ്ഥിരം പരിപാടിയാണ്‌. പള്ളിപ്പുറത്തെ ടെക്നോസിറ്റിക്ക്‌  ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനത്തിന്‌ അനുമതി നൽകിയെന്ന്‌ പറഞ്ഞ്‌ പിന്നാലെ തിരുത്തിയിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ്‌ ആരോപണം  ഉന്നയിച്ചതെന്നാണ്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞത്‌.  സ്‌പ്രിംഗ്‌ളർ ആരോപണം ഉന്നയിച്ച കൂട്ടത്തിൽ  87 ലക്ഷം റേഷൻകാർഡ്‌ വിവരങ്ങൾ ചോർത്തിയെന്നതും മാധ്യമങ്ങളുടെ തലയിലിട്ട്‌ തടിയൂരിയിരുന്നു. Read on deshabhimani.com

Related News