ചൂളംവിളിയെത്തുന്നു ; ചെന്നൈ ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ് 15ന്‌ തുടങ്ങും



ശാന്തൻപാറ ഇടുക്കി നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും സൗകര്യപ്രദമായി ചെന്നൈ–-ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ്  15ന് തുടങ്ങും. ചെന്നൈയിൽനിന്ന്‌ മധുര, തേനി വഴിയുള്ള ട്രെയിൻ കേന്ദ്രമന്ത്രി എൽ മുരുകൻ ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയിൽ മൂന്നുദിവസമാണ്‌ സർവീസ്. ഇടുക്കി പൂപ്പാറയിൽനിന്ന്‌ 30 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലെത്താം. ചെന്നൈ എക്സ്പ്രസാണ് ഇവിടേക്ക്‌ നീട്ടിയത്. രാത്രി പത്തിന്‌ ചെന്നൈയിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 9.35ന് ബോഡിനായ്‌ക്കന്നൂരിൽ എത്തും. തിരികെ രാത്രി എട്ടിന് പുറപ്പെട്ട് രാവിലെ 7.55ന്‌ ചെന്നൈയിലെത്തും. പ്രതിദിന സർവീസായ തേനി–- മധുര അൺ റിസർവ്ഡ് എക്സ്പ്രസ്സും ബോഡിനായ്ക്കന്നൂർവരെ നീട്ടി. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽനിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മധുരയിൽ നിന്നുമാണ് സർവീസ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ചെന്നൈ മധുര, തേനി വഴി ബോഡിനായ്‌ക്കന്നൂരിലും അവിടെനിന്ന് എളുപ്പത്തിൽ മൂന്നാർ, തേക്കടി ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്താം. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ശബരിമല തീർഥാടകർക്കും ഗുണംചെയ്യും. മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും. ഏലം, കുരുമുളക്‌, തേയില വ്യാപാരമേഖലയും പ്രതീക്ഷയിലാണ്‌. Read on deshabhimani.com

Related News