മുപ്പതു വർഷമായി ഒളിവിൽ കഴിഞ്ഞ 
പിടികിട്ടാപ്പുള്ളി അറസ്‌റ്റിൽ

അബ്‌ദുൾ റഹ്മാൻ


ചെങ്ങന്നൂർ > മുപ്പതു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. മലപ്പുറം  എടക്കര കരുനെച്ചി  മാപ്പിളത്തൊടി  അബ്‌ദുൾ റഹ്മാനെയാണ്‌ (അബ്‌ദു, 52) വെൺമണി പൊലീസ്‌ പിടികൂടിയത്‌. വിദേശജോലിക്ക് വിസ നൽകുന്നതിനായി ഇയാളുടെയും മറ്റുചിലരുടെയും കൈയിൽനിന്ന്‌ പണവും പാസ്‌പോർട്ടും വാങ്ങി മുങ്ങിയ  പെരിന്തൽമണ്ണ സ്വദേശി വിജയകുമാർ എന്നയാളെ  തട്ടിക്കൊണ്ടുവന്ന് കൊല്ലകടവിലുള്ള ലോഡ്‌ജിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. വിജയകുമാർ ഇവിടെ തൂങ്ങിമരിച്ചു. സംഭവത്തെ തുടർന്ന്‌ 1993 ൽ വെൺമണി പൊലീസ് രജിസ്റ്റർ ചെയ്‌ത തട്ടിക്കൊണ്ടുപോകൽ കേസിലാണ് 30 വർഷത്തിനു ശേഷം ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.   അറസ്റ്റിലായി റിമാൻഡിൽ കഴിയവേ  ജാമ്യത്തിലിറങ്ങിയ അബ്‌ദുൾ റഹ്മാൻ പിന്നീട്  വിദേശത്ത് പോയി ഒളിവിൽ കഴിയുകയുമായിരുന്നു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 1997 ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വിദേശത്തുനിന്ന്‌ എത്തിയ ശേഷം  തിരുവനന്തപുരം, തിരുവല്ലം, വണ്ടിത്തടം ഭാഗത്ത്  അതിഥി തൊഴിലാളികൾക്കിടയിൽ ഒളിച്ച് താമസിക്കുകയായിരുന്നു. വെൺമണി എസ് ഐ എ നസീറിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. Read on deshabhimani.com

Related News