കോൺക്രീറ്റ്‌ ടെട്രാപോഡും പുലിമുട്ടും ; സംസ്ഥാനത്തെ ഏറ്റവും വലിയ കടൽഭിത്തി, ചെല്ലാനം സുരക്ഷിതമാണ്‌



കൊച്ചി> കടൽ കലിതുള്ളിയടുക്കുമ്പോൾ ടെറസിൽ തിരയ്‌ക്കൊപ്പം വലിയ കല്ലും വീഴും. വള്ളവും വലയും കടലെടുക്കും. വാഹനങ്ങളിൽ ഉപ്പുവെള്ളം കയറും. എല്ലാവരും ദുരിതാശ്വാസക്യാമ്പിലാകും. ഒരുവർഷംമുമ്പത്തെ ഭീകരാനുഭവം ഓർത്തെടുക്കുകയാണ്‌ ചെല്ലാനം കണ്ടക്കടവ്‌ ചാളക്കടവ്‌ നിവാസികളായ ജോഷ്‌മി ബിബിനും ടിന്റു ഡെനോഷും ജോഫിയ സിസിയും ജിജി മാർട്ടിനും. ഇപ്പോൾ കടലെത്ര തുള്ളിയിട്ടും കാര്യമില്ല. ചെല്ലാനം സുരക്ഷിതമാണ്‌. കോൺക്രീറ്റ്‌ ടെട്രാപോഡും പുലിമുട്ടും മഹാമേരുവായി ഈ തീരത്തുണ്ട്‌. പ്രദേശത്തെ 4000 വീട്ടുകാർ ഈ തണലിൽ സമാധാനമായി ഉറങ്ങുന്നു. വടക്ക്‌ പുത്തൻതോടുമുതൽ തെക്ക്‌ ഹാർബർവരെയാണ്‌ ടെട്രാപോഡ്‌ കടൽഭിത്തി. ചെല്ലാനം പഞ്ചായത്തിലെ 21 വാർഡിൽ 19ഉം തീരത്താണ്‌. തകർന്ന കടൽഭിത്തിക്കുപകരം പുതിയത്‌ ഇവരുടെ ചിരകാലസ്വപ്‌നമായിരുന്നു. 2021ലെ കടലാക്രമണസമയത്ത്‌ മന്ത്രിമാരായ പി രാജീവും സജി ചെറിയാനും കെ ജെ മാക്‌സി എംഎൽഎയും നേരിട്ടെത്തി നൽകിയ ഉറപ്പാണ്‌ അതിവേഗം യാഥാർഥ്യമായത്‌. 2022 ജനുവരിയിൽ നിർമാണം ആരംഭിച്ചു. ജൂണിലെ മഴക്കാലത്തെ കടലാക്രമണം തീരത്തെ തൊട്ടില്ല. കേരള ഇറിഗേഷൻ കിഫ്‌ബി വഴി 344 കോടി രൂപ അനുവദിച്ചു. ഊരാളുങ്കലിനാണ്‌ നിർമാണ കരാർ നൽകിയത്‌. ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷനാണ്‌ നടത്തിപ്പു ചുമതല നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ കടൽഭിത്തിയാണിത്‌. ആറു പുലിമുട്ടും ഇവിടുണ്ട്‌. തീരത്തുനിന്ന്‌ കടലിലേക്ക്‌ 65 മീറ്റർ നീളത്തിൽ ‘ടി’ ആകൃതിയിൽ രണ്ടെണ്ണവും 35 മീറ്റർ നീളത്തിൽ നാലെണ്ണവും ഉണ്ട്‌. ഭിത്തികളിൽ കടൽത്തിര  ഏൽപ്പിക്കുന്ന ആഘാതം കുറച്ച്‌ കാലക്രമേണ മണൽത്തിട്ട രൂപപ്പെടുംവിധമാണ്‌ നിർമാണം. 30 മീറ്റർവരെ കടലിലേക്ക്‌ ഇറക്കി രണ്ടരമീറ്റർ ആഴത്തിൽ പാകിയ കരിങ്കൽത്തട്ടിനു മുകളിലാണ്‌ ടെട്രാപോഡ്‌ നിരത്തിയത്‌.   Read on deshabhimani.com

Related News