ജീവനക്കാരുടെ പിഎഫ്‌ വിഹിതം: മുസ്ലിംലീഗ്‌ മുഖപത്രം പറ്റിച്ചത്‌ രണ്ടരക്കോടി



കോഴിക്കോട്‌ > മുസ്ലിംലീഗ്‌ മുഖപത്രം ‘ചന്ദ്രിക’ ജീവനക്കാരുടെ ഇപിഎഫ്‌ വിഹിതം അടയ്‌ക്കുന്നതിൽ വരുത്തിയത്‌ വൻവീഴ്‌ച. എട്ടുവർഷത്തിനിടെ 2.51 കോടി രൂപയാണ്‌ ഇപിഎഫിൽ അടയ്‌ക്കാനുള്ളത്‌. 2011 മാർച്ച്‌ മുതൽ 2019 മാർച്ച്‌ വരെയുള്ള കാലയളവിലെ കണക്കാണിത്‌.  അതിനുശേഷമുള്ള കുടിശ്ശിക എത്രയുണ്ടെന്ന്‌ കണക്കാക്കി വരികയാണ്‌. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്‌ക്ക്‌ ഇപിഎഫ്‌ അധികൃതർ നൽകിയ മറുപടിയിലാണ്‌ ഈ കബളിപ്പിക്കൽ വ്യക്തമായത്‌. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ പിടിച്ച തുകയാണ്‌ പിഎഫിൽ അടയ്‌ക്കാതെ കൃത്രിമം നടത്തിയത്‌. കൃത്യമായി പറഞ്ഞാൽ 2,51,49,245 രൂപ. അടയ്‌ക്കാനുള്ള കുടിശ്ശികയുടെ കണക്ക്‌ വിവരിച്ച്‌ ജൂലൈ 24ന്‌ ഇപിഎഫ്‌ കാര്യാലയം മാനേജ്‌മെന്റിന്‌ നോട്ടീസ്‌ നൽകി.  എന്നാൽ,‌ ഇതേപ്പറ്റി ഒരു വിശദീകരണവും ഇപിഎഫ്‌ ഓഫീസിൽ നൽകിയില്ല. ജീവനക്കാരുടെ വിഹിതം അടയ്‌ക്കാത്തതിന്‌ ഇന്ത്യൻ ശിക്ഷാനിയമം 405 വകുപ്പനുസരിച്ച്‌ ‘ചന്ദ്രിക’ക്കെതിരെ പരാതി രജിസ്‌റ്റർ ചെയ്‌തതായും ഇപിഎഫ്‌ അധികൃതർ  പറയുന്നു. പിഎഫ്‌ തുക വകമാറ്റി ചെലവഴിച്ചതായാണ്‌ ആരോപണം. പ്രതിസന്ധി മറികടക്കാൻ പിരിച്ച 30 കോടി രൂപ രത്നവ്യാപാരിക്ക്‌ മറിച്ചുവിറ്റ സംഭവം ചന്ദ്രികയിലും മുസ്ലിംലീഗിലും വിവാദമായിരുന്നു. ചന്ദ്രികയുടെ പേരിലുള്ള ബാങ്ക്‌ അക്കൗണ്ടിൽ 10 കോടി കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണവുമുണ്ട്‌. Read on deshabhimani.com

Related News