ചന്ദ്രിക പത്രത്തിന്‌ ലീഗ്‌ പിരിച്ച പണം പലിശക്ക്‌; അന്വേഷിക്കാൻ കമീഷൻ



കോഴിക്കോട്‌> മുഖപത്രമായ ചന്ദ്രികയ്‌ക്കായി  പിരിച്ച തുക പലിശക്ക്‌ മറിച്ചുനൽകിയതടക്കമുള്ള ആരോപണം അന്വേഷിക്കാൻ മുസ്ലിംലീഗ് കമീഷനെ നിയോഗിച്ചു.  ശമ്പളം മുടങ്ങി പ്രതിസന്ധിയിലായ സമയത്താണ്‌  ചന്ദ്രികയിലെ കോടികളുടെ അഴിമതി പുറത്തായത്‌. ഇതിൽ പ്രതിഷേധമുയർന്നതോടെയാണ്‌ അന്വേഷണ തീരുമാനം‌. പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീർ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരാണ്‌  ലീഗ്‌ ഉന്നതാധികാരസമിതി യോഗം തീരുമാനിച്ച കമീഷനിലുള്ളത്‌. ചന്ദ്രികയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ  30 കോടിയോളം രൂപ ശേഖരിച്ചിരുന്നു. എന്നാൽ പണം പത്രത്തിന്റെ ആവശ്യത്തിനുപയോഗിക്കാതെ  ഉന്നത നേതാക്കളിലൊരാളും  ചന്ദ്രികയിലെ പ്രമുഖ ജീവനക്കാരനും  ചേർന്ന്‌ രത്നവ്യാപാരിക്ക്‌ പലിശക്ക്‌ നൽകിയെന്നാണ്‌ ആരോപണം. ലക്ഷങ്ങൾ നേതാവിന് പലിശ ലഭിക്കുംവിധം ചന്ദ്രിക ഡയറക്ടർ ബോർഡ് അറിയാതെയായിരുന്നു സാമ്പത്തിക തിരിമറി. ഇതേക്കുറിച്ച്‌ സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌  നേതാക്കളിൽ നിന്നും ചന്ദ്രിക ജീവനക്കാരിൽനിന്നും പരാതി ലഭിച്ചു. ഇതിനിടയിലാണ്‌ ചന്ദ്രികയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 10 കോടി കള്ളപ്പണം നിക്ഷേപിച്ചെന്ന വിഷയമുയർന്നത്‌. ഇതിൽ  എൻഫോഴ്‌സ്‌മെന്റ് അന്വേഷണവുമുണ്ടായി. ഇക്കാര്യമെല്ലാം അന്വേഷിക്കാനാണ്‌ പാർടി കമീഷൻ രൂപീകരിച്ചത്‌. Read on deshabhimani.com

Related News