ചന്ദ്രിക കള്ളപ്പണക്കേസ്: കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യം ചെയ്‌തു

കൊച്ചിയിലെ ഇഡി ഓഫീസില്‍ പി കെ കുഞ്ഞാലിക്കുട്ടി എത്തുന്നു. ഫോട്ടോ: മനു വിശ്വനാഥ്‌


കൊച്ചി ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ചോദ്യം ചെയ്‌തു. ഇഡി കൊച്ചി ഓഫീസിൽ വ്യഴാഴ്‌ച വൈകിട്ട്‌ നാലിന്‌ ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്നേമുക്കാൽ മണിക്കൂർ നീണ്ടു. ചന്ദ്രികയുടെ അക്കൗണ്ടുവഴി കള്ളപ്പണം വെളുപ്പിച്ചതും സമീപകാലത്ത്‌ കുഞ്ഞാലിക്കുട്ടി നടത്തിയ ഭൂമി ഇടപാടും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്‌ ചോദ്യം ചെയ്യൽ. അഭിഭാഷകനൊപ്പമാണ്‌ കുഞ്ഞാലിക്കുട്ടി എത്തിയത്‌. കുഞ്ഞാലിക്കുട്ടിയുടെ മൊഴിയും രേഖകളിലെ വിവരങ്ങളും പരിശോധിച്ചശേഷം ഇഡി വീണ്ടും വിളിപ്പിക്കുമെന്നാണ്‌ സൂചന. രാവിലെ ചന്ദ്രിക ദിനപത്രം ഫിനാൻസ്‌ മാനേജർ പി എം എ സമീറിനെയും  ചോദ്യംചെയ്‌തു. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകൾ, പണം നിക്ഷേപിച്ചതിന്റെയും പിൻവലിച്ചതിന്റെയും വിവരങ്ങൾ എന്നിവ സമീറിൽനിന്ന്‌ ശേഖരിച്ചു. പാലാരിവട്ടം മേൽപ്പാലം അഴിമതിവഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ്‌ ഇഡി കേസെടുത്തത്‌. സാക്ഷി എന്നനിലയിലാണ്‌ തന്നെ വിളിപ്പിച്ചതെന്നും ഏജൻസി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുമെന്നും ചോദ്യംചെയ്യലിനുമുമ്പ്‌ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകി എന്നുമാത്രമായിരുന്നു ചോദ്യം ചെയ്യലിനുശേഷമുള്ള പ്രതികരണം. Read on deshabhimani.com

Related News