കേന്ദ്ര ഫിഷറീസ്‌ ബിൽ കുത്തകകൾക്കായി: മുഖ്യമന്ത്രി



കൊല്ലം> കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫിഷറീസ്‌ ബിൽ കുത്തകകളെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) കൊല്ലം തങ്കശേരിയിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബിൽ രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ളതല്ല. മറിച്ച്‌ കടലും കടൽസമ്പത്തും വൻകിടകൾക്ക്‌ തീറെഴുതാനുള്ളതാണ്‌. അതിനാണ്‌ കേന്ദ്ര സർക്കാർ പ്രത്യേക നിയമനിർമാണം നടത്തുന്നത്‌. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട്‌ കേന്ദ്ര സർക്കാരിന്‌ ഒരു പ്രശ്‌നമല്ല. ഇന്ധനം, വൈദ്യുതി, കൃഷി തുടങ്ങിയവയെല്ലാം തീറെഴുതുകയാണ്‌. മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ ആവുന്നതെല്ലാം കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ചെയ്യുന്നുണ്ട്‌.   കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മീൻപിടിത്ത മേഖല വിദേശ ട്രോളറുകൾക്ക് തുറന്നുകൊടുത്തു. ബിജെപി സർക്കാരാകട്ടെ ഒരു പടികൂടി കടന്ന്‌ സംസ്ഥാന സർക്കാരുകൾക്കുള്ള നിയന്ത്രണാവകാശംകൂടി കവർന്നു. ബ്ലൂ ഇക്കണോമി എന്ന പേരിൽ നടപ്പാക്കുന്ന പുത്തൻ സാമ്പത്തിക നയം വെല്ലുവിളികളുടെ ആക്കം കൂട്ടും. ഗാട്ട് കരാറും ഡങ്കൽ നിർദേശങ്ങളും   രാജ്യത്തെ കർഷകർക്ക് കൂടുതൽ അവസരവും വിപണിയും ലഭിക്കുമെന്നാണ്‌ കോൺഗ്രസ്‌ പറഞ്ഞത്‌. എന്നാൽ, ഇന്ന്‌ കാർഷികമേഖല വലിയ തകർച്ച നേരിടുകയാണ്‌. ബ്ലൂ ഇക്കണോമി നയവും സമാനമായ പ്രതിസന്ധി സൃഷ്ടിക്കും.  ലോകത്താകെ മീൻപിടിത്ത മേഖലയിൽ 60 ദശലക്ഷം തൊഴിലാളികളുണ്ട്‌. അതിൽ 80 ശതമാനം ഏഷ്യയിലും  ആഫ്രിക്കയിലുമാണ്‌. ജനീവ ലോകവ്യാപാര സംഘടനാ സമ്മേളനത്തിൽ ഈ മേഖലയിലെ സബ്സിഡി രണ്ടുവർഷത്തിനുശേഷം നിർത്തലാക്കാനുള്ള നിർദേശം ഇന്ത്യ അംഗീകരിച്ചുകൊടുത്തു. ഇത്‌ ദശലക്ഷക്കണക്കിന് പേരുടെ ജീവിതം താളംതെറ്റിക്കും.     കേന്ദ്രം മണ്ണെണ്ണവില വർധിപ്പിച്ചതോടെ ഏറ്റവും ദുരിതത്തിലായത് മത്സ്യത്തൊഴിലാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രതിദിനം 35 മുതൽ 65 വരെ ലിറ്റർ മണ്ണെണ്ണ ഉപയോഗിക്കുന്ന യാനങ്ങളെയടക്കം ഇത് പ്രതിസന്ധിയിലാക്കി.  മണ്ണെണ്ണ വില വർധിപ്പിക്കുകയും ക്വാട്ട വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് ഇക്കഴിഞ്ഞ നിതി ആയോഗ് യോഗത്തിൽ ഉൾപ്പെടെ കേരളം ആവശ്യപ്പെട്ടെന്നും- മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News