ക്രിക്കറ്റ്‌ ബാറ്റുകൊണ്ട്‌ അടിയേറ്റ യുവാവ് മരിച്ചു; പ്രതി റിമാൻഡിൽ

മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്‌


പാലക്കാട്> നഗരത്തിൽ വിക്ടോറിയ കോളേജിന് സമീപം പട്ടാപ്പകൽ ക്രിക്കറ്റ്​ ബാറ്റുകൊണ്ട്​ മർദനമേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളിത്തെരുവ്​ മലിക്കയിൽ അനസ്​ (31) ആണ്​ മരിച്ചത്​. സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ (39) പൊലീസ്​ അറസ്റ്റ്​ ചെയ്‌തു. രാത്രി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ചൊവ്വ പകലാണ്‌ സംഭവം. ബൈക്കിൽ സഹോദരനൊപ്പമെത്തിയ പ്രതി ക്രിക്കറ്റ് ബാറ്റുകൊണ്ട് അനസിനെ മർദിക്കുകയായിരുന്നു. ഓട്ടോ തട്ടിയുള്ള അപകടമെന്ന് അറിയിച്ച് ഫിറോസ് അനസിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ യുവാവ് മരിച്ചു. ശരീരത്തിൽ പാടുകൾ കണ്ടതോടെ ടൗൺ നോർത്ത് പൊലീസ് നടത്തിയ ​അന്വേഷണത്തിൽ മരണകാരണം അപകടമല്ലെന്ന് കണ്ടെത്തി. ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യം പരിശോധിച്ച് മർദനം നടന്നതായി പൊലീസ് ഉറപ്പിച്ചു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് രണ്ടുതവണയാണ് അനസിനെ ഫിറോസ് അടിച്ചത്. രണ്ടാമത്തെ അടി തലയ്ക്ക് പിറകിലാണ് കൊണ്ടത്. അടിയേറ്റയുടൻ അനസ് താഴെ വീണു. സമീപത്തെ കോളേജ് ഹോസ്റ്റലിലെ യുവതികളോട് അനസ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞതിലുള്ള പ്രതികാരമാണ് മർദനത്തിലേക്ക് നയിച്ചതെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെന്നുമാണ് ഫിറോസ്​ ​പൊലീസിന്​ നൽകിയ മൊഴി. സംഭവസമയത്ത്​ ഫിറോസിനൊപ്പം ബൈക്കിൽ  ഉണ്ടായിരുന്ന സഹോദരനായ പൊലീസ്​ ഉദ്യോഗസ്ഥനെ ഉടൻ കസ്റ്റഡിയിലെടുക്കില്ലെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവം നടന്നത് ഇയാളുടെ അറിവോടെയല്ലെന്നാണ് പ്രാഥമിക നിഗമനം. മാനസിക വെല്ലുവിളി നേരിട്ടിരുന്നയാളാണ്​ അനസെന്ന്​ ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച ജില്ല ആശുപത്രിയിൽ നടപടി പൂർത്തിയാക്കിയ ശേഷം ​മൃതദേഹം കള്ളിക്കാട്​ ജുമാമസ്​ജിദിൽ ഖബറടക്കി. ഉപ്പ: അബ്ബാസ്. ഉമ്മ: സൽമത്ത്. സഹോദരൻ: ഹാരിഫ്. Read on deshabhimani.com

Related News