ബാല ഭാസ്‌കറിന്റെ മരണം : അന്വേഷണം സിബിഐ ഏറ്റെടുത്തു



ന്യൂഡൽഹി>  വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. ക്രൈംബ്രാഞ്ച്‌ അന്വേഷിച്ചിരുന്ന കേസ് സിബിഐക്കു വിട്ടു സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറിൽ വിജ്ഞാപനമിറക്കിയിരുന്നു. 2018 സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം.ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ നിഗമനം. മരണത്തിൽ ദുരുഹത ഉണ്ടെന്ന്‌ ആരോപിച്ച്‌ ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ദുരൂഹത പൂർണമായും നീക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും ആരോപിച്ച കുടുംബം കേസ്‌ സിബിഐക്ക്‌ വിടണം എന്നാവശ്യപ്പെട്ടു. അപകടത്തിൽ സ്വർണക്കടത്ത്‌ സംഘത്തിന്‌ ബന്ധമുണ്ടോയെന്ന്‌ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കാർ ആരാണ്‌ ഓടിച്ചത് എന്നത്‌ സംബന്ധിച്ചാണ്‌ ആദ്യ വിവാദം ഉയർന്നത്. ഡ്രൈവർ അർജുനാണ് വാഹനം ഓടിച്ചതെന്ന് കുടുംബം പറയുമ്പോൾ, ബാലഭാസ്‌കറാണ് ഓടിച്ചതെന്ന് അർജുനും വെളിപ്പെടുത്തിയിരുന്നു. എന്നാൽ വാഹനം ഓടിച്ചിരുന്നത് അർജുൻ ആണെന്നും കാർ 120 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശൻ തമ്പി തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്തുകേസിൽ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വർധിപ്പിച്ചു. ഇതിനിടെ ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തിൽ രണ്ടുപേർ പോകുന്നത് കണ്ടതായി കലാഭവൻ സോബിയും വെളിപ്പെടുത്തിയിരുന്നു.   Read on deshabhimani.com

Related News