മുപ്പതിലധികം പശുക്കൾ, ദിവസം 350 ലിറ്ററോളം പാൽ വിൽപ്പന; പശുവളർത്തലിൽ ലിസമ്മയുടെ റൂട്ട്‌മാപ്പ്‌

ലിസമ്മ ജോർജ്‌ പശുക്കളോടൊപ്പം


പുൽപ്പള്ളി > മുപ്പതിലധികം പശുക്കൾ.  പ്രതിദിനം 350 ലിറ്ററോളം പാൽ വിൽപ്പന. അത്ര ചെറുതല്ല പുൽപ്പള്ളി ആനപ്പാറയിലെ പുഞ്ചക്കര ലിസമ്മ ജോർജിന്റെ നേട്ടം. 56 –-ാം വയസ്സിലും പതിനാറിന്റെ ചുറുചുറുക്കുമായി  ഈ വീട്ടമ്മ പശുക്കളെ വളർത്തുകയാണ്‌.   ഏറെ വൃത്തിയുള്ളതും ആധുനിക സൗകര്യത്തോടെയുമാണ്  തൊഴുത്ത് ഒരുക്കിയിട്ടുള്ളത്‌. പ്രതിദിനം രണ്ട് നേരം വെള്ളം പമ്പ്ചെയ്ത്  പശുക്കളെ കുളിപ്പിക്കുകയും തൊഴുത്ത് വൃത്തിയാക്കുകയും ചെയ്യും. സഹായത്തിന് ഭർത്താവ് ജോർജും ഒരു നേപ്പാളി കുടുംബവുമുണ്ട്. 20 വർഷംമുമ്പാണ് രണ്ട് പശുക്കളുമായി ലിസമ്മയും കുടുംബവും പശുവളർത്തൽ ആരംഭിച്ചത്.   കാർഷിക മേഖല തകരുകയും ഉൽപ്പന്നങ്ങൾക്ക്‌  വിലത്തകർച്ചയുണ്ടാവുകയും ചെയ്തതോടെ നിത്യവരുമാനത്തിനായാണ്‌ പശുവളർത്തൽ ആരംഭിച്ചത്. ഈ വരുമാനത്തിൽനിന്ന് രണ്ട് പെൺമക്കളെ പഠിപ്പിച്ചു.   വിവാഹവും കഴിപ്പിച്ചു.  രണ്ടരയേക്കർ സ്ഥലമാണ് ഇവർക്കുള്ളത്. ഇതിൽ ഒന്നരയേക്കർ സ്ഥലത്ത് തീറ്റപ്പുൽ കൃഷിചെയ്യുന്നു. ഏറ്റവും മികച്ച ക്ഷീര കർഷകക്കുള്ള അവാർഡുകൾ ലിസമ്മക്ക് പുൽപ്പള്ളി ക്ഷീരസംഘത്തിൽനിന്ന് ലഭിച്ചിട്ടുണ്ട്.   പശുക്കൾക്ക് രോഗബാധ ഉണ്ടാകാതെവരികയും പാലിന് ന്യായമായ വിലയും ലഭിച്ചാൽ പ്രതിമാസം 70,000 രൂപയോളം മിച്ചവരുമാനമുണ്ടാക്കാമെന്നാണ് ലിസമ്മയും ഭർത്താവ്  ജോർജും പറയുന്നത്. എന്നാൽ സമീപകാലത്ത് കാലിത്തീറ്റയുടെ വില കുത്തനെ  വർധിച്ചത് ക്ഷീരകർഷകർക്ക് വൻ തിരിച്ചടിയായിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. Read on deshabhimani.com

Related News