കേരളത്തിന്റെ കാസ്നബ് ബോഗികൾ വാഗണിൽ ഘടിപ്പിച്ചു; ഓട്ടോകാസ്റ്റിന് അഭിമാനനേട്ടം



കൊച്ചി > കേരളത്തിൽ നിർമിച്ച കാസ്‌നബ് ബോഗികൾ ആദ്യമായി ഇന്ത്യൻ റെയിൽവേ വാഗണിൽ ഘടിപ്പിച്ചതായി വ്യവസായ മന്ത്രി പി രാജീവ്‌. സംസ്ഥാന പൊതുമേഖലയിലെ പ്രമുഖ ഇരുമ്പുരുക്ക് വ്യവസായശാലയായ ചേർത്തല ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ ജീവനക്കാർ നിർമിച്ച് നൽകിയ കാസ്‌നബ് ബോഗികളാണ് ഇതാദ്യമായി ഇന്ത്യൻ റെയിൽവേയുടെ ഉത്തരമേഖലയിലെ അമൃത്സർ വർക്ക് ഷോപ്പിൽ നിർമിക്കുന്ന വാഗണിൽ ഘടിപ്പിച്ചത്. ഇന്ത്യൻ റെയിൽവേയ്ക്കായി ബോഗികൾ നിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടത് 2010ലാണ്‌. എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ റെയിൽവേ ഇതിൽ നിന്ന് പിൻമാറിയിരുന്നു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരിന്റെ തുടർച്ചയായ സാമ്പത്തിക സഹായത്തിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്ത് റെയിൽവേയുടെ ഗുണനിലവാര ഏജൻസിയായ ആർ ഡി എസ് ഒ ക്ലാസ് ഏ ഫൗണ്ടറി അംഗീകാരം 2019ൽ നേടിയെടുക്കാൻ ഓട്ടോകാസ്റ്റിന് സാധിച്ചു. ഇതിന് ശേഷമാണ്, ചരക്ക് തീവണ്ടികളുടെ കാസ്‌ന‌ബ് ബോഗികൾ നിർമിക്കുന്നതിനാവശ്യമായ ആർ ഡി എസ് ഒ അംഗീകാരം 2020 മെയ് മാസത്തിൽ നേടിയത്. സ്വകാര്യ മേഖലയുമായി ഓപ്പൺ ടെൻഡറിൽ പങ്കെടുത്ത് 2020ൽ ആദ്യത്തെ ഡെവലപ്മെന്റ്‌ ഓർഡർ നേടിയെടുക്കാൻ സാധിച്ചതിൽ ഓട്ടോകാസ്റ്റിന് അഭിമാനിക്കാം. സമയബന്ധിതമായി നിർമിച്ച കാസ്‌നബ് ബോഗികൾ കഴിഞ്ഞമാസമാണ് അമൃത്സറിലെ റെയിൽവേ വാഗൺ വർക്ക് ഷോപ്പിലെത്തിച്ചത്. വർഷാവർഷം, റെയിൽവേക്കാവശ്യമായി വേണ്ടിവരുന്ന കാസ്നബ് ബോഗികൾ നിർമിച്ച് നൽകുവാൻ ഓട്ടോകാസ്റ്റ് സജ്ജമായിരിക്കുകയാണെന്നും മന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ വ്യക്തമാക്കി. Read on deshabhimani.com

Related News