കുടുംബശ്രീയിൽ 43 ലക്ഷം രൂപയുടെ ദുർവിനിയോ​ഗം: പൂക്കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൾപ്പെടെ 6 പേർക്കെതിരെ കേസ്‌

പൂക്കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മുഹമ്മദ്‌ ഇസ്‌മയിൽ


മലപ്പുറം> കുടുംബശ്രീ ജില്ലാ മിഷനിൽനിന്ന്‌ 2012-16 കാലത്ത് 43.03 ലക്ഷം രൂപ ദുർവിനിയോഗിച്ചെന്ന പരാതിയിൽ അന്നത്തെ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ഉൾപ്പെടെ ആറ്‌ പേർക്കെതിരെ മലപ്പുറം പൊലീസ്‌ കേസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ– ഓർഡിനേറ്റർ ജാഫർ കക്കൂത്ത്‌ നവംബർ 23ന്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്‌. അന്നത്തെ ജില്ലാ മിഷൻ കോ– ഓർഡിനേറ്ററായിരുന്ന ഇപ്പോഴത്തെ പൂക്കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മുഹമ്മദ്‌ ഇസ്‌മയിൽ, അക്കൗണ്ട്‌ കൈകാര്യംചെയ്‌തിരുന്ന ഓഫീസ്‌ സെക്രട്ടേറിയൽ സ്‌റ്റാഫ്‌ പി സലിം, അസി. കോ– ഓർഡിനേറ്റർമാരായിരുന്ന ഹഫീസ്‌ ഷാഹി, ഒ അബ്ദുൾ നാസർ, പി സജയ്‌, അബ്ദുൾ ബഷീർ എന്നിവർക്കെതിരെയാണ്‌ പരാതി. വിശ്വാസവഞ്ചന, ചുമതലയുള്ള സ്ഥാനത്തിരുന്ന്‌ സ്ഥാപനത്തെ വഞ്ചിക്കൽ, സംഘടിതമായുള്ള വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌.   കുടുംബശ്രീ സംരംഭക യൂണിറ്റുകൾക്ക്‌ സബ്‌സിഡിയായി നൽകാനുള്ള തുകയാണ്‌ ദുരുപയോഗംചെയ്‌തത്‌. സംഘങ്ങൾക്ക്‌ നൽകാൻ എടുത്തുവച്ച ഡിമാൻഡ്‌ ഡ്രാഫ്‌റ്റ്‌  ജില്ലാ സഹകരണ ബാങ്കിന്റെ മലപ്പുറം പ്രധാന ശാഖയിൽ 2012 ജൂൺ ഏഴിന്‌ ആരംഭിച്ച അക്കൗണ്ടിലൂടെയാണ്‌ പലതവണയായി തുകയാക്കിയത്. ഈ അക്കൗണ്ട്‌ 2016 ഏപ്രിൽ 21ന് ക്ലോസ് ചെയ്‌തിട്ടുണ്ട്. സംഘങ്ങൾ  കൈപ്പറ്റിയില്ലെങ്കിൽ സർക്കാരിലേക്ക്‌ തിരിച്ചടക്കേണ്ടിയിരുന്ന 43,03,116 രൂപയാണ്‌ ദുരുപയോഗിച്ചത്‌. 2017 ജൂലൈ 14, 15, 17 തീയതികളിലായി 'ദേശാഭിമാനി'യാണ്‌ കുടുംബശ്രീ അംഗങ്ങൾക്ക്‌ കിട്ടേണ്ടിയിരുന്ന പണം ദുരുപയോഗിച്ചത്‌ പുറത്തെത്തിച്ചത്‌. ഇതേത്തുടർന്ന്‌ സംസ്ഥാന മിഷൻ നടത്തിയ അന്വേഷണത്തിൽ ഇത്‌ സ്ഥിരീകരിച്ചു. അന്നത്തെ ജില്ലാ മിഷൻ ഉദ്യോഗസ്ഥരിൽനിന്ന്‌ 18 ശതമാനം പലിശസഹിതം 2,85,69,550 രൂപ തിരിച്ചുപിടിക്കാനും പൊലീസിൽ പരാതി നൽകാനും കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ജാഫർ മാലിക്‌ ഉത്തരവിടുകയുംചെയ്‌തു.     സർവീസിൽനിന്ന്‌ വിരമിച്ചശേഷം മുസ്ലിംലീഗിൽ ചേർന്നാണ്‌  കെ മുഹമ്മദ്‌ ഇസ്‌മയിൽ പൂക്കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റായത്‌. തന്റെ കാലത്ത്‌ തട്ടിപ്പ്‌ നടന്നിട്ടില്ലെന്ന്‌ സമൂഹമാധ്യമങ്ങൾ വഴി അദ്ദേഹം വിശദീകരണം നൽകുന്നുണ്ടെങ്കിലും തെളിവുകളെല്ലാം എതിരാണ്‌. പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞദിവസം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌ നടത്തിയിരുന്നു.   Read on deshabhimani.com

Related News