വിനയാകും 
‘എക്‌സ്‌ട്രാ ഫിറ്റിങ്’ ; മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ്‌



കണ്ണൂർ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്‌ വാഹനങ്ങളിലെ എക്‌സ്‌ട്രാ ഫിറ്റിങ്ങുകളെന്ന മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ്‌. വാഹനങ്ങൾ കത്തിയുള്ള അപകടം പതിവാകുന്നതോടെയാണ്‌ സുരക്ഷ പരിഗണിക്കാതെയുള്ള കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കാൻ വിദഗ്‌ധർ നിർദേശിക്കുന്നത്‌. മിക്ക വാഹനങ്ങളിലും അനധികൃത കൂട്ടിച്ചേർക്കൽ പരിശോധനയിൽ കണ്ടെത്തുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. കൂടിയ വിലയിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ ഫുൾ ഓപ്‌ഷൻ ഒഴിവാക്കി തൊട്ടുതാഴെയുള്ള ഓപ്‌ഷൻ വാഹനങ്ങൾ മിക്കവരും തെരഞ്ഞെടുക്കുന്നത്‌. ഫുൾ ഓപ്‌ഷൻ വാഹനങ്ങളുടെ സൗകര്യങ്ങൾ മിക്കതും കുറഞ്ഞ  ചെലവിൽ ചെയ്‌തുകൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്‌. എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയാലും വാഹനക്കമ്പനികൾ ഫുൾ ഓപ്‌ഷനു വാങ്ങുന്ന തുകയാകില്ലെന്നതാണ്‌ ഇതിലെ മുഖ്യ ആകർഷണം. സുരക്ഷയെ കാറ്റിൽപറത്തുന്ന ഇത്തരം കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കണമെന്നാണ്‌ കമ്പനികളും മോട്ടോർ വാഹനവകുപ്പും പറയുന്നത്‌. വാഹനങ്ങളിലെ വയറിങ് സംവിധാനത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തുമ്പോൾ കൃത്യമായി ഇൻസുലേഷൻ അടക്കമുള്ളവ ചെയ്‌തില്ലെങ്കിൽ വയറുകൾ തമ്മിലുരഞ്ഞ്‌ ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാകാനോ തീപ്പൊരി ഉണ്ടാകാനോ സാധ്യത ഏറെയാണ്‌. വയറിങ്ങിന്റെ റബർ ആവരണങ്ങൾ മാറ്റി പുതിയത്‌ ഇടുമ്പോൾ പഴയതിന്റെ അത്രയും സുരക്ഷിതമാകില്ലെന്നും വിദഗ്‌ധർ പറയുന്നു. പഴയ വാഹനങ്ങൾ വാങ്ങി ആഡംബര കൂട്ടിച്ചേർക്കലുകൾ വരുത്തുന്നവരും ക്ഷണിച്ചുവരുത്തുന്നത്‌ വലിയ അപകടമാണ്‌. വാഹനങ്ങൾക്കുള്ളിൽ സുഗന്ധം നിറയ്‌ക്കുന്നതിനും മറ്റും വയ്‌ക്കുന്ന എയർ പ്യൂരിഫയർ പോലുള്ളവയും പെട്ടെന്ന്‌ തീപിടിക്കുന്നവയാണ്‌. വാഹനങ്ങൾക്കുള്ളിൽ പെട്ടെന്ന്‌ തീപിടിക്കുന്ന ഇന്ധനങ്ങൾ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പ്‌ ആരും മുഖവിലയ്‌ക്കെടുക്കാറില്ല. കുപ്പിയിൽ പെട്രോളോ ഡീസലോ നൽകരുതെന്ന്‌ പമ്പുകൾക്ക്‌ നിർദേശമുണ്ടെങ്കിലും  അതും പാലിക്കപ്പെടാറില്ല. Read on deshabhimani.com

Related News