സ്ത്രീധനത്തിനെതിരെ സന്ദേശം; വധൂവരന്മാര്‍ക്ക് മംഗളാശംസ, അഭിനന്ദിച്ച് ഗവര്‍ണര്‍



തിരുവനന്തപുരം > സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഇറക്കിയ സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം നല്‍കുന്ന കാര്‍ഡിനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി വീണാ ജോര്‍ജിനെ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്. വിവാഹം കഴിക്കുന്ന വധുവിനും വരനും കാര്‍ഡ് നേരിട്ടെത്തിക്കുന്നതില്‍ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു. സ്ത്രീധനത്തിനെതിരായി വകുപ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളേയും ഗവര്‍ണര്‍ എടുത്തു പറഞ്ഞു. വിവാഹം കഴിക്കുന്ന വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേര്‍ന്നുകൊണ്ടുള്ളതാണ് മന്ത്രി ഒപ്പിട്ട കാര്‍ഡ്. സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതാണിത്. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍ ഐസിഡിഎസ് ഓഫീസര്‍മാര്‍ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് കാര്‍ഡ് എത്തിക്കുന്നത്. സ്ത്രീധനത്തിനെതിരെ വലിയ പ്രവര്‍ത്തനങ്ങളാണ് വനിത ശിശുവികസനവകുപ്പ് നടത്തി വരുന്നത്. സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയോഗിച്ച് അവര്‍ക്ക് പരിശീലനം നല്‍കി. 33,000ലധികം അങ്കണവാടി ജീവനക്കാര്‍ക്ക് സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായും സ്ത്രീകള്‍ക്ക് ലഭ്യമാക്കേണ്ട സഹായങ്ങളെപ്പറ്റിയും അവബോധം നല്‍കി. കത്തിന്റെ പൂര്‍ണ രൂപം പ്രിയ സുഹൃത്തെ, വിവാഹത്തിലൂടെ ഒരുമിക്കുന്ന രണ്ടുപേര്‍ക്കും സ്‌നേഹവും പരസ്പര വിശ്വാസവുമുള്ള ഒരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ വ്യക്തിയും വൈവാഹിക ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. മുന്നോട്ടുള്ള ജീവിതയാത്രയിലും സ്ത്രീ ധനത്തിനെതിരേയും സ്ത്രീ പുരുഷ അസമത്വത്തിനെതിരേയും ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ. മാറ്റം നിങ്ങളില്‍ നിന്നാവട്ടെ. സ്ത്രീധനം ആവശ്യപ്പെടുകയോ കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ടുള്ള വിവാഹത്തിലൂടെയും ലിംഗനീതിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ജീവിതത്തിലൂടെയും മറ്റുള്ളവര്‍ക്കു മാതൃകയാകാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു. നന്മകള്‍ നേരുന്നു സസ്‌നേഹം വീണാ ജോര്‍ജ് ആരോഗ്യ-കുടുംബക്ഷേമ വനിതാ-ശിശുവികസന വകുപ്പ് മന്ത്രി. Read on deshabhimani.com

Related News