ഡോ. ജോൺ മത്തായി സെന്റർ ലോകോത്തര നിലവാരത്തിലേക്കുയർത്തും

വൈസ്‌ ചാൻസലർ ഡോ. എം കെ ജയരാജ്‌


തൃശൂർ> കാലിക്കറ്റ്‌ സർവകലാശാലയുടെ കീഴിലുള്ള തൃശൂർ ഡോ. ജോൺ മത്തായി സെന്ററിൽ പൈതൃക മ്യൂസിയവും അക്കാദമിക്‌ ബ്ലോക്കുമുൾപ്പടെ  നിർമിച്ച്‌  ലോകോത്തര നിലവാരത്തിലേക്കുയർത്താൻ  കർമപദ്ധതികൾ ആവിഷ്‌കരിച്ചതായി വൈസ്‌ ചാൻസലർ ഡോ. എം കെ ജയരാജ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദേശ വിദ്യാർഥികളെക്കൂടി ലക്ഷ്യമി്ട്ട്‌ മുഴുവൻ സമയ റസിഡൻഷ്യൽ കാമ്പസാക്കി ഉയർത്താനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക സിൻഡിക്കേറ്റ്‌ യോഗം ബുധൻ തൃശൂർ കേന്ദ്രത്തിൽ ചേർന്നു. അടിയന്തിരമായി മാസ്‌റ്റർപ്ലാൻ തയ്യാറാക്കുന്നതിന്‌ വിദഗ്‌ദർ ഉൾപ്പെടുന്ന ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിക്കും. സംസ്ഥാന സർക്കാർ ഡോ. ജോൺ മത്തായി സെന്ററിന്റെ വികസനത്തിനായി ബജറ്റിൽ 10 കോടി അനുവദിച്ചിട്ടുണ്ട്‌. ഇത്‌ പ്രയോജനപ്പെടുത്തി ഡിപിആർ തയ്യാറാക്കി വരികയാണ്‌.  കൂടുതൽ ആവശ്യമായ തുക സർവകലാശാല ഫണ്ടിൽനിന്ന്‌ വിനിയോഗിക്കും. നിലവിലുള്ള ജോൺ മത്തായി സെന്റർ പൈതൃക മ്യുസിയമാക്കും.  പുതിയ അക്കാദമിക്‌ ബ്ലോക്ക്‌ നിർമിക്കും.  രാമാനുജം ഓഡിറ്റോറിയം ജി ശങ്കരപിള്ള ഓഡിറ്റോറിയം എന്നിവ നവീകരിക്കും.  വിദ്യാർഥികൾക്ക്‌ വേണ്ടി മിനി ബസും സെന്ററിന്റെ ആ  വശ്യത്തിനായി മറ്റൊരു വാഹനവും വാങ്ങും. സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ലിറ്റിൽ തിയറ്റർ  പുനരുദ്ധരിക്കും. റസിഡൻഷ്യൽ കാമ്പസാക്കി  മാറ്റുന്നതിന്റെ ഭാഗമായി നിലവിലുള്ള വനിതാ ഹോസ്‌റ്റലിന്‌ ഒരു നില കൂടി നിർമിക്കും. ആൺകുട്ടികൾക്ക്‌ പുതിയ ഹോസ്‌റ്റൽ പണിയും. അത്യാധുനീക സ്‌റ്റുഡിയോ  സ്ഥാപിക്കും. കാമ്പസിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കും. വനിതാ സുരക്ഷാ ജീവനക്കാരേയും  നിയമിക്കും. പുതിയ  കാന്റീൻ കെട്ടിടം പണിയും. ആധുനീക ശുചിമുറികൾ നിർമിക്കും. അധ്യാപക  അനധ്യാപക ഒഴിവുകൾ നികത്തും. വാർത്താസമ്മേളനത്തിൽ പ്രൊ. വൈസ്‌ ചാൻസലർ ഡോ. എം നാസർ,  രജിസ്‌ട്രാർ ഡോ. ഇ കെ സതീഷ്‌, സിൻഡിക്കേറ്റ്‌ അംഗങ്ങളായ ഡോ. കെ ഡി ബാഹുലേയൻ, യൂജിൻ മൊറോലി,  ഡോ. ഷംസാദ്‌ ഹുസൈൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News