നാണക്കേടിന്റെ ഉത്തരത്തിൽ തൂങ്ങി എജി ; ചോർത്തിയത്‌ ചോദ്യങ്ങൾ മാത്രം



തിരുവനന്തപുരം കിഫ്‌ബിക്കെതിരായ നുണപ്രചാരണത്തിന്‌ ഓഡിറ്റ്‌ സംശയങ്ങൾ അതേപടി ചോർത്തിനൽകി.  ഇവയ്‌ക്ക്‌ കിഫ്‌ബി നൽകിയ മറുപടി മറച്ചുവച്ചാണ്‌ നുണപ്രചാരണം‌ നടത്തുന്നത്‌.  മസാല ബോണ്ടിലെ തുകയുടെ നിശ്ചിത കാലാവധി നിക്ഷേപം  നേരത്തെ പിൻവലിച്ചതിനാൽ 4.57 കോടി രൂപ നഷ്ടപ്പെടുത്തിയെന്നാണ്‌ എജി കുറ്റപ്പെടുത്തിയത്‌. ബോർഡ്‌ തീരുമാനപ്രകാരമാണ്‌‌ തുക വിജയബാങ്കിൽ നിക്ഷേപമാക്കിയത്‌. രണ്ടുവർഷത്തിനകം ഈ തുക  ചെലവഴിക്കണമെന്ന്‌ ലോക്കൽ ഓഡിറ്റ്‌ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. എജിക്ക്‌ നൽകിയ മറുപടിയിൽ ഇത്‌ വ്യക്തമാക്കിയതാണ്‌. വിജയബാങ്ക്‌ ലയിച്ച ബാങ്ക്‌ ഓഫ്‌ ബറോഡ  2.75 ശതമാനം നിരക്കിൽ 123 ദിവസത്തേക്ക്‌ 1.85 കോടി രൂപ പലിശ അനുവദിച്ച്‌ പ്രത്യേക പരിഗണനയും നൽകി. കെഎസ്‌എഫ്‌ഇ‌ പ്രവാസി ചിട്ടിക്ക്‌ അടിസ്ഥാനസൗകര്യം ഒരുക്കിയ തുക മടക്കിവാങ്ങിയില്ലെന്നത്‌ മറ്റൊരു ആക്ഷേപം. ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ, പ്രവാസി ചിട്ടിക്ക്‌ തയ്യാറാക്കിയ സോഫ്‌റ്റ്‌വെയർ വികസനം പൂർത്തികരിച്ചാലേ  ഇടപാട്‌ തീർക്കാനാകൂ. കിഫ്‌ബി ബോണ്ടിൽ കെഎസ്‌എഫ്‌ഇ നിക്ഷേപത്തിന്‌‌ ട്രഷറി നിക്ഷേപപലിശ നൽകുന്നു. ഇതിനെ അമിത പലിശയായും എജി ചിത്രീകരിക്കുന്നു. മന്ത്രിസഭ പരിശോധിച്ച്‌ സുതാര്യത ഉറപ്പാക്കിയ ചീഫ്‌ പ്രോജക്ട്‌ എക്‌സാമിനർ നിയമനത്തിലും എജി വിവാദത്തിന്‌ അവസരമൊരുക്കി. കിഫ്‌ബിയിൽ കരാർ അടിസ്ഥാനത്തിൽ സേവനത്തിനെത്തിയ ഉദ്യോഗസ്ഥനെയാണ്‌ ആക്ഷേപിക്കാൻ ശ്രമിച്ചത്‌. സർക്കാർ കമ്പനികൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ബോഡി കോർപറേറ്റുകൾ എന്നിവയിലെ താൽക്കാലിക, ദിവസ, കരാർ ജോലിക്കാർക്ക്‌ ‌ ബാധകമായ സേവന വേതന വ്യവസ്ഥകളാണ്‌ കിഫ്‌ബിയും നടപ്പാക്കിയത്‌. സാങ്കേതിക വൈദഗ്‌ധ്യവും പരിചയസമ്പത്തുമൊക്കെ പരിഗണിക്കും. ഇത്‌ സർക്കാർ ജീവനക്കാരുമായി താരതമ്യംചെയ്യാനുള്ള എജിയുടെ ശ്രമവും ബോധപൂർവമാണ്‌. കിഫ്‌ബി പദ്ധതികളുടെ ഗുണമേന്മ പരിശോധന അടക്കമുള്ള ചുമതലകൾക്കായി യാത്ര, താമസ സൗകര്യം നൽകിയതിനെയും കുറ്റമാക്കി. മിന്നൽ പരിശോധനയ്‌ക്ക്‌ പോകുന്നവർ സർക്കാർ അതിഥി മന്ദിരങ്ങളിലും റെസ്‌റ്റു ഹൗസുകളിലും മുൻകൂർ ബുക്ക്‌ ചെയ്‌ത്‌ താമസിക്കണമെന്ന ‘വിചിത്ര കണ്ടുപിടിത്ത’വും  എജിയുടേതായുണ്ട്‌. Read on deshabhimani.com

Related News