സിഎജി റിപ്പോർട്ട്‌ സ്വാഭാവിക നീതി ലംഘിക്കുന്നത്‌; നിയമസഭ പ്രമേയം പാസാക്കി



തിരുവനന്തപുരം > സി ആൻഡ്‌ എജിയുടെ തെറ്റായ കീഴ്‌വഴക്കം അംഗീകരിക്കാൻ കഴിയില്ലെന്ന്‌ വ്യക്തമാക്കി റിപ്പോർട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ സി&എജി റിപ്പോർട്ട് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്‌. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണരൂപം: സി&എജി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചിലവുകളുടെയും വരുമാനത്തിന്റെയും ആഡിറ്റ് നടത്തുന്ന ഭരണഘടനാ സ്ഥാപനമാണ്. ഈ ആഡിറ്റ് നടത്തുന്നതിന് നിയമവും കീഴ്‌വഴക്കവും ചട്ടവും നിലവിലുണ്ട്. കാലങ്ങളായി നിലവിലുള്ള നടപടിക്രമങ്ങള്‍ ബോധപൂര്‍വ്വം മറികടന്നാല്‍ എന്താണ് ഉണ്ടാവുക.? സി&എജി ആഡിറ്റ് നടത്തുമ്പോള്‍ കരട് റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പിന് നല്‍കുകയും അവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്യുന്ന രീതിയുണ്ട്. അതിനുശേഷം ഈ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് ഭരണഘടനാ സ്ഥാപനമായ സി&എജിയുടെ ഒപ്പോടുകൂടി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോവുകയും കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നു. ഇവിടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ചില ഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ബന്ധപ്പെട്ട വകുപ്പിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു കാര്യം തീരുമാനിക്കുന്നതിനു മുമ്പ് ബാധിക്കപ്പെടുന്ന ആളിന്റെ/സ്ഥാപനത്തിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് സ്വാഭാവിക നീതി അഥവാ natural justice ന്റെ പ്രാഥമിക തത്വം. ഇത് ലംഘിക്കപ്പെട്ടതിനാല്‍ സി&എജി റിപ്പോര്‍ട്ടിന്റെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്. ഈ തെറ്റായ കീഴ്‌വഴക്കം അംഗീകരിച്ചു പോയാല്‍ എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മില്‍ നിലവിലുള്ള checks and balances അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നു എന്ന അപഖ്യാതി ഈ സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്. അതിനാലാണ് ഈ പ്രമേയം. Read on deshabhimani.com

Related News