'സി സ്‌പേസ് ' സംസ്ഥാന സര്‍ക്കാരിന്റെ ഒ ടി ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും: മന്ത്രി സജി ചെറിയാന്‍



തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ ടി ടി പ്ലാറ്റ്ഫോം 'സി സ്‌പേസ്' നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തരമായുള്ള സിനിമാസ്വാദനത്തിന് ഏറ്റവും മികച്ച സാങ്കേതിക മികവോടെ സിനിമകൾ ആസ്വദിക്കുവാനുള്ള ഒരു സംവിധാനമാണ് സംസ്ഥാന സർക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കെഎസ്എഫ്‌ഡിസി ഒരുക്കുന്ന ഈ സംരഭം. തിയേറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. അതിനാല്‍ തന്നെ  ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കും. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഒ ടി ടിയിലൂടെ കാണുവനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർദ്ദേശീയ പുരസ്‌ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരളപ്പറവി ദിനമായ നവംബർ 1 നു പ്രവർത്തനം തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 1 മുതൽ കെഎസ്എഫ്‌ഡിസി ഹെഡ് ഓഫീസിലും  ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News