കൊലവിളിയ്‌ക്ക് പിന്നാലെ വീണ്ടും പ്രകോപനവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്‌



തൊടുപുഴ> ഇടുക്കി എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയത്‌ എസ്‌എഫ്‌ഐ ആണെന്ന ഗുരുതര ആരോപണവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്‌ സി പി മാത്യു. രാഹുൽഗാന്ധിയുടെ ഓഫീസിൽ കയറി പ്രതിഷേധിച്ചവർക്ക്‌ ധീരജിന്റെ അനുഭവമുണ്ടാകുമെന്ന്‌ ഭീഷണിപ്പെടുത്തി മണിക്കൂറുകൾ പിന്നിടും മുമ്പാണ്‌ സി പിമാത്യുവിന്റെ പ്രകോപനപരമായ പ്രസ്‌താവന. തൊടുപുഴയിൽ വാർത്താസമ്മേളനത്തിലായിരുന്നു പരാമർശം. മുരിക്കാശ്ശേരിയിൽ കഴിഞ്ഞദിവസം സി പി മാത്യു നടത്തിയ പ്രസംഗത്തിലെ പരാമർശം  ഏറെ വിവാദമായിരുന്നു. യൂത്ത്‌കോൺഗ്രസുകാരാണ്‌ ധീരജിനെ കൊലപ്പെടുത്തിയതെന്ന്‌ സമർഥിക്കുന്നതായിരുന്നു മാത്യുവിന്റെ പ്രസംഗം. മാധ്യമങ്ങളിൽ ഇത്‌ വാർത്തയായതോടെയാണ്‌ ഇതിൽനിന്നും രക്ഷപ്പെടാൻ എസ്‌എഫ്‌ഐക്ക്‌ എതിരെ ആരോപണവുമായി രംഗത്തുവന്നത്‌. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന്‌ മാധ്യമങ്ങളെ പഴിചാരി. അതോടൊപ്പം ധീരജിന്റെ കൊലപാതകത്തിന്‌ പിന്നിൽ എസ്‌എഫ്‌ഐ ആണെന്ന പുതിയ ആരോപണവും ഉയർത്തി. തെളിവുണ്ടോ എന്ന ചോദ്യത്തിന്‌ തെളിവുണ്ടാക്കേണ്ടത്‌ തന്റെ ജോലിയല്ലെന്നായിരുന്നു മറുപടി. ധീരജിനൊപ്പം കുത്തേറ്റ്‌ ആശുപത്രിയിൽ കിടന്ന വിദ്യാർഥികൾ നൽകിയ മൊഴി കളവാണ്‌. എസ്‌എഫ്‌ഐക്കാരാണ്‌ പ്രതികളെങ്കിൽ ഇത്രയുംനാൾ മിണ്ടാതിരുന്നത്‌ എന്തുകൊണ്ടെന്ന ചോദ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചു. നിയമനടപടികൾ പാർടി നേതൃത്വവുമായി ആലോചിച്ച്‌ സ്വീകരിക്കുമെന്നായിരുന്നു മറുപടി. എസ്‌എഫ്‌ഐ ജില്ലാ ഭാരവാഹികൾക്കെതിരെയും ധീരജിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച സിപിഐ എം ജില്ലാ പഞ്ചായത്തംഗത്തിനെതിരെയും സി പി മാത്യു ആരോപണം ഉന്നയിച്ചു. Read on deshabhimani.com

Related News