" എപ്പോഴും ശ്രദ്ധ 
എതിരാളിയുടെ പെട്ടിയിൽ, നമ്മുടെ പെട്ടി നോക്കാറേയില്ല " : സിപിഐ എം പാലക്കാട് 
ജില്ലാ സെക്രട്ടറി 
സി കെ രാജേന്ദ്രന്റെ വോട്ടെണ്ണൽ ഓർമ



പാലക്കാട്‌ ബാലറ്റ്‌ എണ്ണുമ്പോൾ എതിരാളിയുടെ പെട്ടിയിലായിരിക്കും നോട്ടം. പിന്നെ അസാധു പെട്ടിയും. നമ്മുടെ പെട്ടി നോക്കാറേയില്ല. നമ്മുടെ പെട്ടിയിൽ ആരുടെ വോട്ട്‌ വീണാലും നമുക്കുതന്നെയാണല്ലോ‌ നേട്ടം. മറ്റ്‌ പെട്ടികളിൽ കണ്ണുംനട്ടിരിക്കുന്നത്‌ നമ്മുടെ വോട്ട്‌‌ അങ്ങോട്ട്‌ വീണുപോകാതിരിക്കാനാണ്‌. ഓരോ ബൂത്തിലേയും വോട്ടുകൾ തിട്ടപ്പെടുത്തി കൗണ്ടിങ്‌ ഉദ്യോഗസ്ഥൻ കണക്ക്‌ നൽകും. ചില ഉദ്യോഗസ്ഥർ അല്ലറ ചില്ലറ കള്ളക്കളിയൊക്കെ ഒപ്പിക്കും.  പിടിക്കപ്പെട്ടാൽ തെറ്റുപറ്റിയെന്ന്‌ പറഞ്ഞ്‌ തടിയൂരും. ഇത്തരത്തിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.  ചിഹ്നത്തിന്‌ മുകളിൽ സീൽ തെളിഞ്ഞില്ലെങ്കിലോ, സ്ഥാനാർഥിയുടെ  ചിഹ്നത്തിൽ അൽപ്പം മാറി സീൽ പതിഞ്ഞാലോ അസാധുവാക്കിക്കളയും. പിന്നെ തർക്കമാണ്‌.  വാദിച്ചുജയിക്കുന്നതിലാണ്‌ മിടുക്ക്‌. അതിന്‌ പ്രത്യേക കഴിവുള്ള കൗണ്ടിങ്‌ ഏജന്റുമാരുണ്ട്‌. ‌ വോട്ട്‌ ചെയ്‌തവരുടെ മനസ്സറിയാൻ ബാലറ്റ്‌ നോക്കിയാൽ മതി. സീൽ അമർത്തി പതിച്ചവർ മുതൽ തൊട്ടുതലോടിയവർ വരെ കാണും.  1982 മുതൽ കൗണ്ടിങ്‌ ഏജന്റാണ്‌. പിന്നീട്‌ ഇലക്ഷൻ ഏജന്റ്‌, ചീഫ്‌ ഏജന്റ്‌ ചുമതലകളും വഹിച്ചു. കൗണ്ടിങ്‌ ഏജന്റുമാർക്ക്‌ ക്ലാസ്‌ നൽകുന്നതും വലിയ ജോലിയാണ്‌. എതിരാളിയുടെ പെട്ടിയിൽ കണ്ണുവയ്‌ക്കണമെന്നാണ്‌ ആദ്യം നൽകുന്ന നിർദേശം. സ്ഥാനാർഥിയായത്‌ 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌. അന്ന്‌ ആലത്തൂരിൽ എസ്‌ആർപിയുടെ രാമചന്ദ്രനായിരുന്നു എതിരാളി. ഓരോ റൗണ്ട്‌ കഴിയുമ്പോഴും തുല്യമായിരുന്നു വോട്ട്‌.‌ ചില സന്ദർഭങ്ങളിൽ യുഡിഎഫ്‌ മുന്നിലുമെത്തി. എന്നാൽ തോൽക്കാൻ പോകുന്നുവെന്ന ആശങ്കയുണ്ടായില്ല. ആ തെരഞ്ഞെടുപ്പിൽ ജയിച്ചു. 1991 ലെ തെരഞ്ഞെടുപ്പിലാണ്‌ ഏറ്റവും വലിയ ദുഃഖവും ആശങ്കയുമുണ്ടായത്‌. ചരിത്രത്തിലാദ്യമായി കോൺഗ്രസ്‌ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇപ്പോഴും അത്‌ ഉൾക്കൊള്ളാൻ കഴിയുന്നില്ല.   തയ്യാറാക്കിയത്‌ 
വേണു കെ ആലത്തൂർ Read on deshabhimani.com

Related News