അകറ്റിനിർത്തി എന്ന പ്രചരണം അവാസ്‌തവം; വിശദീകരണക്കുറിപ്പുമായി സി കെ ആശ എംഎൽഎ



വൈക്കം > വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷ ചടങ്ങുകളില്‍ നിന്നും തന്നെ മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തിയെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമെന്ന് വൈക്കം എംഎല്‍എ സി കെ ആശ. ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും അര്‍ഹമായ പരിഗണന ലഭിച്ചു. അഭിപ്രായം തേടികൊണ്ടുമാണ് സംസ്ഥാന ഗവണ്‍മെന്റ് ഈ പരിപാടി നടത്തിയതെന്നും സി കെ ആശ പറഞ്ഞു. ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എയെ അവഗണിച്ചുവെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു സി കെ ആശ. പലരും ചൂണ്ടിക്കാണിച്ചത് പരിപാടിയോട് അനുബന്ധിച്ച് പത്രങ്ങളില്‍ വന്ന പരസ്യങ്ങളില്‍ കോട്ടയം എംപിയുടേയും വൈക്കം എംഎല്‍എയുടേയും പേരോ ഫോട്ടോയോ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ന്യൂനതയാണ്. ആ പരസ്യം നല്‍കിയത് പിആര്‍ഡി ഉദ്യോഗസ്ഥരാണ്. അക്കാര്യത്തില്‍ അവരുടെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഗവണ്‍മെന്റ് പരിശോധിക്കുമെന്ന് ഉറപ്പുണ്ടെന്നും സി കെ ആശ വ്യക്തമാക്കി. തന്നെ അകറ്റി നിര്‍ത്തി എന്ന പ്രചാരണങ്ങള്‍ വസ്‌തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിശദമായ കുറിപ്പും വൈക്കം എംഎല്‍എ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സി കെ ആശയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെട്ട വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രണ്ടു മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു ചേര്‍ത്ത നടത്തിയ ഉദ്ഘാടന സമ്മേളനം മറ്റൊരു ചരിത്ര സംഭവമായി മാറി. സമ്മേളനത്തില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തിന് പുതിയ പാതകള്‍ വെട്ടിത്തെളിക്കുവാനുള്ള ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് മടങ്ങിപ്പോയത്. എന്നാല്‍ വന്‍ വിജയമായി മാറിയ സമ്മേളനാനന്തരം ഏതോ ചില തെറ്റിദ്ധാരണകളുടെ ഫലമായി സമ്മേളന ചടങ്ങുകളില്‍ നിന്നും എന്നെ മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തി എന്ന രീതിയിലുള്ള പ്രചരണവും അതിനെതിരെയെന്ന രീതിയിലുള്ള പ്രതികരണങ്ങളും ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്നത് ശ്രദ്ധയില്‍പ്പെട്ടു. തികച്ചും അവാസ്തവമായ ഒരു സംഗതിയാണിത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും എന്നെ ഉള്‍പ്പെടുത്തുകയും എന്റെ കൂടി അഭിപ്രായം തേടികൊണ്ടുമാണ് സംസ്ഥാന ഗവണ്‍മെന്റ് ഈ പരിപാടി നടത്തിയത് എന്ന കാര്യം അറിയാതെയാണ് പലരും പ്രതികരണത്തിന് തയ്യാറായത്. വൈക്കത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിന്റെ കണ്‍വീനര്‍ എന്ന നിലയില്‍, സംസ്ഥാനതല ആഘോഷ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരായ ശ്രീ സജി ചെറിയാന്‍, ശ്രീ വി എന്‍ വാസവന്‍ എന്നീ മന്ത്രിമാര്‍ സമ്മേളന നടത്തിപ്പിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും എന്റെ കൂടി അഭിപ്രായം തേടിക്കൊണ്ടും എന്നെ അറിയിച്ചുകൊണ്ടും ആണ് ഉദ്ഘാടന പരിപാടി നടത്തിയത്. രണ്ടു മുഖ്യമന്ത്രിമാരും 5 സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎല്‍എമാരും കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്ത ഒരു പരിപാടിയില്‍ അര്‍ഹമായ പ്രാതിനിധ്യം തന്നെയാണ് വൈക്കത്തെ എംഎല്‍എ എന്ന നിലയില്‍ എനിക്ക് ലഭിച്ചത്. ഏകദേശം രണ്ടു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍ ലോഗോ എനിക്ക് കൈമാറി കൊണ്ടാണ്. വളരെ പ്രധാനപ്പെട്ട ഈയൊരു കാര്യം പലരുടെയും ശ്രദ്ധയില്‍ പെടാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല. പലരും ചൂണ്ടിക്കാണിച്ചത് പരിപാടിയോട് അനുബന്ധിച്ച് പത്രങ്ങളില്‍ വന്ന പരസ്യങ്ങളില്‍ കോട്ടയം എംപിയുടേയും വൈക്കം എംഎല്‍എയുടേയും പേരോ ഫോട്ടോയോ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ന്യൂനതയാണ്. ആ പരസ്യം നല്‍കിയത് പിആര്‍ഡി ഉദ്യോഗസ്ഥരാണ്. അക്കാര്യത്തില്‍ അവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഗവണ്‍മെന്റ് ശ്രദ്ധിക്കും എന്ന് ഉറപ്പുണ്ട്. തെറ്റിദ്ധാരണകള്‍ മാറ്റി നൂറാം വാര്‍ഷികാഘോഷ ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും ലഭിച്ച ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നവോത്ഥാന മുന്നേറ്റങ്ങളില്‍ പങ്കാളികളാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. Read on deshabhimani.com

Related News